ഹൂറത്ത് ആലിയിലെ നിയമവിരുദ്ധ ഫ്ലാറ്റ് വാടക
text_fieldsമനാമ: ഹൂറത്ത് ആലി ബ്ലോക്ക് 714ലെ റെസിഡൻഷ്യൽ ഫ്ലാറ്റുകൾ നിയമവിരുദ്ധമായി വാടകക്ക് നൽകുന്നതിലൂടെ കുടുംബങ്ങളുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലാകുന്നുവെന്ന് പരാതി. ഇതുസംബന്ധിച്ച് എം.പിമാർ അടിയന്തര നടപടിക്കായി ഇടപെടുന്നു. നിയമലംഘനങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ ഉടൻ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് എം.പി ഹസൻ ഇബ്രാഹിം പ്രമേയം അവതരിപ്പിച്ചു.
ഒരു ഫ്ലാറ്റിനെ പല ഭാഗങ്ങളായി തിരിച്ച് നിയമവിരുദ്ധമായി സബ്-ലെറ്റിങ് നടത്തുന്നുണ്ട്. പരിധിയിൽ കൂടുതൽ ആളുകൾ താമസിക്കുന്നതിനാൽ അയൽവാസികൾക്ക് ശല്യമാകുന്നു. ഇത് പ്രദേശത്തെ കുടുംബങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നതായും പരാതിയുണ്ട്.
ലൈസൻസില്ലാത്ത ബിസിനസ്, സിവിൽ ഡിഫൻസ് നിയമങ്ങൾ പാലിക്കാതെ കെട്ടിടങ്ങൾ രൂപമാറ്റം വരുത്തൽ, പ്രവാസി തൊഴിലാളികൾക്ക് വാടകക്ക് നൽകൽ എന്നിവയടക്കം ഗുരുതരമായ പരാതികളാണ് ഫ്ലാറ്റുകൾക്കെതിരെ ഉയർന്നുവന്നിരിക്കുന്നത്.
പരിശോധനകൾ കുറവായതാണ് ഇത്തരം പ്രവണതകൾ വർധിക്കാൻ കാരണമെന്ന് എം.പി ഹസൻ ഇബ്രാഹിം പ്രസ്താവിച്ചു. മൾട്ടി-ഏജൻസി പരിശോധന നടത്തി നിയമലംഘകർക്കെതിരെ കർശന നിയമനടപടിയെടുക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. പരിശോധന റിപ്പോർട്ട് സമർപ്പിക്കാനും ഭാവിയിൽ ഇത്തരം ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ നിരീക്ഷണം ശക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

