മൈലാഞ്ചിമണമുള്ളൊരു പെരുന്നാൾ രാവ്; നാട്ടോർമകൾക്ക് പൊലിമയേകി ഇടപ്പാളയം മെഹന്ദി നൈറ്റ്
text_fieldsഇടപ്പാളയം മെഹന്ദി നൈറ്റിൽ പങ്കെടുത്തവർ
മനാമ: പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടോർമകൾക്ക് പൊലിമയേകി ഒരുമയുടെ സംഗമം. നാടിന്റെ സ്നേഹവും പെരുന്നാളിന്റെ ആഹ്ലാദവും കൈവിടാതെ ഇടപ്പാളയം കുടുംബാംഗങ്ങൾ ബലിപെരുന്നാളിന് മുന്നോടിയായി സംഘടിപ്പിച്ച ‘മെഹന്ദി നൈറ്റ്’ ആഘോഷരാവ് വൻ വിജയമായി സമാപിച്ചു.
സെഗയയിലെ ഫിനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ നടന്ന പരിപാടിയിൽ കുടുംബാംഗങ്ങളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.ഹൃദയങ്ങളെ കീഴടക്കിയ താളവിസ്മയം തീർത്തുകൊണ്ട്, ഇടപ്പാളയം ടീമിന്റെ പരമ്പരാഗത മുട്ടിപ്പാട്ട് ഈ ആഘോഷരാവിനെ കൂടുതൽ വർണാഭമാക്കി. ഒപ്പന, കോൽക്കളി എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായി. ഓരോ പ്രകടനവും കാണികളിൽ ആവേശം നിറക്കുകയും മനസ്സിൽ മായാതെ നിൽക്കുന്ന നാട്ടിലെ പെരുന്നാൾ കാലം ഓർമിപ്പിക്കുകയും ചെയ്തു.
വിവിധ പ്രായത്തിലുള്ള കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ സദസ്സിന്റെ കയ്യടി നേടി. മൈലാഞ്ചി അണിയുന്നതിനുള്ള സൗകര്യവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു, ഇത് പെരുന്നാൾ രാവിന്റെ തനിമ വർധിപ്പിച്ചു.മൈലാഞ്ചിമണമുള്ള ഓരോ നിമിഷവും, പ്രിയപ്പെട്ട നാട്ടുകാരോടൊത്തുള്ള പെരുന്നാൾ രാവും ഗൃഹാതുരത്വമുണർത്തുന്ന മധുര സ്മരണകൾ സമ്മാനിച്ചു.
ഇടപ്പാളയം ലേഡീസ് ആൻഡ് കൾച്ചറൽ വിംഗിന്റെയും, പ്രോഗ്രാം കോഓഡിനേറ്റർമാരായ ഷിറിൻ, ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ പരിപാടിയെ ഇത്രയും ഹൃദ്യമാക്കിയത്. മനോഹരമായ ഈ മെഹന്തി നൈറ്റ് ഒരു അവിസ്മരണീയ സായാഹ്നമായി എല്ലാവരുടെയും ഓർമകളിൽ എന്നും തങ്ങിനിൽക്കുമെന്ന് പങ്കെടുത്തവർ ഒരേ മനസ്സോടെ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

