ഐ.സി.ആർ.എഫ് തേർസ്റ്റ്-ക്വഞ്ചേഴ്സ് അവബോധ കാമ്പയിൻ അവസാനിച്ചു
text_fieldsഐ.സി.ആർ.എഫ് തേർസ്റ്റ്-ക്വഞ്ചേഴ്സ് അവബോധ കാമ്പയിനിൽ നിന്ന്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐ.സി.ആർ.എഫ് ബഹ്റൈനിന്റെ തേർസ്റ്റ്-ക്വഞ്ചേഴ്സ് 2025 ടീം വാർഷിക വേനൽക്കാല അവബോധ കാമ്പയിൻ അവസാനിച്ചു. ബഹ്റൈനിലെ ചൂടുള്ള മൂന്ന് മാസങ്ങളിൽ ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, റഫയിലെ നാസ് കോൺട്രാക്റ്റിങ് പ്രോജക്ടിന്റെ വർക്സൈറ്റിൽ കുപ്പിവെള്ളം, ജ്യൂസുകൾ, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, പാൽ, കസ്റ്റാർഡ് തുടങ്ങിയവ ഐ.സി.ആർ.എഫ് വിതരണം ചെയ്തു. 13-ാം ആഴ്ചയിലെ പരിപാടിയിൽ 450ലധികം തൊഴിലാളികൾ പങ്കെടുത്തു. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവരുടെ സഹകരണത്തോടെയാണ് ഈ പ്രചാരണ പരിപാടി നടന്നത്.
ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള അതിഥി നെദാൽ അബ്ദുല്ല അൽ അലവൈ, തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള - റെസിഡൻസ് ഇൻസ്പെക്ഷൻ വർക്കേഴ്സ് ഹെഡ് എൻജിനീയർ ഹുസൈൻ അൽ ഹുസൈനി എന്നിവർ പങ്കെടുത്തു. ഓരോ മന്ത്രാലയങ്ങളും തൊഴിലാളികൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ച് അവർ സംസാരിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് വേനൽക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ-സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് സംസാരിച്ചു.
തേർസ്റ്റ് ക്വഞ്ചേഴ്സ് ടീം വേനൽക്കാല അവബോധ കാമ്പയിൻ നടത്തുന്ന പത്താം വിജയകരമായ വർഷമാണിത്. 2016 ൽ തുടങ്ങിയ ഈ പരിപാടി എല്ലാ വർഷവും വേനൽക്കാലത്ത് ഈ ആഴ്ചതോറുമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. കഴിഞ്ഞ 9 വർഷത്തിനിടെ, ഈ പരിപാടിയിലൂടെ 21,200 ലധികം തൊഴിലാളികളിലേക്ക് എത്തിച്ചേർന്നു. ഈ വർഷം തൊഴിൽ മന്ത്രാലയം വേനൽക്കാല ജോലി നിരോധനം മൂന്ന് മാസത്തേക്ക് നീട്ടിയതിനാൽ, 13 വാരാന്ത്യ പരിപാടികൾ നടത്തുകയും 5,250 ലധികം തൊഴിലാളികളിലേക്ക് എത്തിച്ചേരാനാവുകയും ചെയ്തു. വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ട്രഷറർ ഉദയ് ഷാൻബാഗ്, ജോയന്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജവാദ് പാഷ, തേർസ്റ്റ് ക്വഞ്ചേഴ്സ് 2025 കോഓഡിനേറ്റർമാരായ ഫൈസൽ മടപ്പള്ളി, ശിവകുമാർ, അംഗങ്ങളായ അരുൾദാസ് തോമസ്, രാകേഷ് ശർമ, സിറാജ്, മുരളീകൃഷ്ണൻ, അൽതിയ ഡിസൂസ, കൽപന പാട്ടീൽ, ദീപ്ഷിക, അനു ജോസ്, സാന്ദ്ര പാലണ്ണ, ശ്യാമള, ബോഹ്റ സമൂഹത്തിൽ നിന്നുള്ള കുതുബ് വക്കീൽ, യൂസിഫ്, നാസ് കോൺട്രാക്റ്റിങ്ങിന്റെ ഓപറേഷൻസ് മാനേജർ മുഹമ്മദ് എൽഗൗൾ, പ്രോജക്ട് സേഫ്റ്റി ലീഡ് - അലി അബ്ദുല്ല അഹമ്മദ് യൂസിഫ് അൽതയ്യാർ, എച്ച്.എസ്.എസ്.ഇ മാനേജർ - ഇസ ഹസ്സൻ കൂടാതെ ഉത്സാഹഭരിതരായ സന്നദ്ധപ്രവർത്തകരും വിദ്യാർഥികളും വിതരണത്തിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

