ഫ്ലോറിൻ മത്യാസിന് ഐ.സി.ആർ.എഫിന്റെ യാത്രയയപ്പ്
text_fieldsബഹ്റൈൻ പ്രവാസം അവസാനിപ്പിക്കുന്ന ഫ്ലോറിൻ മത്യാസിനെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഷാൾ അണിയിക്കുന്നു
മനാമ: ദീർഘകാല ബഹ്റൈൻ പ്രവാസിയും ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സജീവ പ്രവർത്തകയുമായ ഫ്ലോറിൻ മത്യാസിന് യാത്രയയപ്പ് നൽകി. ഈമാസം ഒടുവിൽ അവർ അമേരിക്കയിലേക്ക് പോകും. 1999ൽ ഐ.സി.ആർ.എഫ് ആരംഭിച്ചതു മുതൽ അംഗമായ ഫ്ലോറിൻ മത്യാസ് പ്രയാസമനുഭവിച്ച നിരവധി ഇന്ത്യക്കാർക്ക് സഹായ ഹസ്തമായിരുന്നു. ഗോവ സ്വദേശിയായ ഇവരുടെ കുടുംബം മുംബൈയിലാണ് സ്ഥിരതാമസമാക്കിയത്. 1961ൽ ബഹ്റൈനിൽ എത്തിയ ഇവർ 1964 മുതൽ സാമൂഹിക സേവനരംഗത്ത് സജീവമായി.
60 വർഷത്തെ സാമൂഹിക സേവന ചരിത്രമുള്ള ഫ്ലോറിൻസ്, മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി അംഗവുമായിരുന്നു. ഈ സ്ഥാനത്തിരുന്ന് വിവിധ രാജ്യക്കാരായ നിരവധി പ്രവാസികൾക്ക് തുണയാകാനും സാധിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ഐ.സി.ആർ.എഫിന് നൽകിയ വിലപ്പെട്ട സേവനം മാനിച്ച്, പ്രത്യേകമായി തുന്നിച്ച ഷാൾ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ സമ്മാനിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ലയും സന്നിഹിതനായിരുന്നു.
ഐ.സി.ആർ.എഫ് ടീമും ഐ.സി.ആർ.എഫ് റീജനൽ ഫോറം അംഗങ്ങളും സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ യാത്രയയപ്പ് വിരുന്ന് ഒരുക്കി. ഐ.സി.ആർ.എഫിനുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ച ഒരംഗമാണ് ഫ്ലോറിൻസ് മത്യാസ് എന്ന് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ യാത്രയയപ്പ് ചടങ്ങിൽ പറഞ്ഞു. മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും ഗാർഹിക തൊഴിലാളികൾക്ക് മരുന്നുകൾ എത്തിച്ചുനൽകാനും ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കാനും അവർ മുന്നിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

