ഐ.സി.ആർ.എഫ് ഇനി 'ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ'
text_fieldsമനാമ: 1999 മുതൽ ബഹ്റൈനിൽ പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്, ബഹ്റൈൻ) നിലവിൽ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ എന്ന പേരിലാണ് ഔദ്യോഗിക അനുമതിയോടെ പ്രവർത്തിക്കുന്നതെന്ന് ചെയർമാൻ അഡ്വ. വി.കെ. തോമസ് അറിയിച്ചു.
സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സംഘടന, ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലാഭേച്ഛയില്ലാതെ വിവിധ ക്ഷേമപ്രവർത്തനങ്ങൾ അസോസിയേഷൻ തുടർന്നും നടത്തും. പ്രതിമാസ വരുമാനം 120 ദിനാറിൽ താഴെയുള്ള ഇന്ത്യൻ പ്രവാസികൾ ബഹ്റൈനിൽ മരണപ്പെട്ടാൽ, അവരുടെ കുടുംബങ്ങൾക്ക് അസോസിയേഷൻ ഒരു ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമായ ബഹ്റൈൻ ദീനാർ ബഹ്റൈനിൽ കൈമാറുന്നുണ്ട്.
കൂടാതെ വളണ്ടിയർമാരുടെ ശക്തമായ പിന്തുണയോടെ, സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് വൈദ്യസഹായം, നിയമസഹായം, മാനസികാരോഗ്യ പിന്തുണ, അടിയന്തര സേവനങ്ങൾ, മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിനുള്ള സഹായം, സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയ വിപുലമായ സേവനങ്ങളും അസോസിയേഷൻ നടത്തിവരുന്നു. ഈ പ്രവർത്തനങ്ങൾക്ക് ബഹ്റൈൻ ഗവൺമെന്റ്, ഇന്ത്യൻ എംബസി, തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയിൽ നിന്ന് വ്യക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഈ സ്ഥാപനങ്ങൾക്കെല്ലാം അതിനുള്ള നന്ദി അറിയിക്കുന്നതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സേവനങ്ങൾ ആവശ്യമുള്ളവർ ജനറൽ സെക്രട്ടറി അനീഷ് ശ്രീധരനെ 3940 1394 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

