ഐ.സി.എഫ് ഓക്സിജൻ പ്ലാന്റ് നാടിന് സമർപ്പിച്ചു
text_fieldsവയനാട് മെഡിക്കൽ കോളജിൽ ഐ.സി.എഫ് നിർമിച്ചു നൽകിയ ഓക്സിജൻ പ്ലാന്റ് റവന്യൂ
മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: വയനാട് മെഡിക്കൽ കോളജിൽ ഐ.സി.എഫ് നിർമിച്ചു നൽകിയ ഓക്സിജൻ പ്ലാന്റ് റവന്യൂ മന്ത്രി കെ. രാജൻ നാടിന് സമർപ്പിച്ചു. ആരോഗ്യമേഖലയിൽ പ്രത്യേക ശ്രദ്ധയർഹിക്കുന്ന ജില്ലയാണ് വയനാട്. പ്രകൃതിദുരന്തങ്ങളും ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തതയും സാധാരണക്കാരുടെ ജീവിതത്തെയടക്കം ബാധിക്കുന്നതാണ്.
ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) വയനാട് മെഡിക്കൽ കോളജിൽ 1200 എൽ.പി.എം കപ്പാസിറ്റിയുള്ള ഓക്സിജൻ പ്ലാന്റ് നിർമിച്ചത്. ഒരേസമയം ഇരുനൂറോളം രോഗികൾക്ക് ജീവവായു നൽകാൻ ഈ പ്ലാന്റിലൂടെ സാധിക്കും.
കോവിഡ് വ്യാപന കാലയളവിൽ മുഖ്യമന്ത്രി നോർക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് രണ്ട് ഓക്സിജൻ പ്ലാന്റുകളുടെ നിർമാണപദ്ധതി ഐ.സി.എഫ് ഏറ്റെടുത്തത്. 1,02,38,639 രൂപ ചെലവാക്കിയാണ് പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്. ആദ്യത്തെ പ്ലാന്റ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ നേരത്തേ സമർപ്പിച്ചിരുന്നു.
കേരളത്തിലെ ആതുര സേവനമേഖലയിൽ സന്നദ്ധ സംഘടനകൾ വലിയ ഉത്തരവാദിത്തങ്ങളാണ് നിർവഹിക്കുന്നതെന്നും ഈ രംഗത്ത് കേരള മുസ്ലിം ജമാഅത്തും പ്രവാസിഘടകമായ ഐ.സി.എഫും ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികൾ മാതൃകപരമാണെന്നും പ്ലാന്റ് ഉദ്ഘാടനം ചെയ്ത് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന -ജില്ല നേതാക്കൾ, ഐ.സി.എഫ് സാരഥികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

