ഐ.സി.എഫ് മദ്റസ കലോത്സവത്തിന് പ്രൗഢ സമാപനം; ഉമ്മുൽ ഹസം ജേതാക്കൾ
text_fieldsഐ.സി.എഫ് മദ്റസ കലോത്സവത്തിൽ ജേതാക്കളായ ഉമ്മുൽ ഹസം, രിഫ ടീമുകൾക്ക് ട്രോഫി സമ്മാനിക്കുന്നു
മനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നാഷനൽ മദ്റസ കലോത്സവത്തിൽ 105 പോയന്റുകൾ നേടി ഉമ്മുൽ ഹസം മദ്റസ ജേതാക്കളായി. ബഹ്റൈനിലെ 14 കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന മജ്മഉത്തഅ്ലീമിൽ ഖുർആൻ മദ്റസകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ മത്സരിച്ച കലോത്സവത്തിൽ റിഫ, മനാമ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റുകൾ കരസ്ഥമാക്കിയ മുഹമ്മദ് ഹയാൻ ഉമ്മുൽ ഹസം, അബ്ദുല്ല ഉമർ ഈസ്റ്റ് റിഫ, മുഹമ്മദ് സാബിത് റിഫ എന്നിവർ കലാപ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു.
ഹമദ് ടൗൺ കാനൂ ഹാളിൽ നടന്ന ഫൈനൽ മത്സരങ്ങൾ സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ഹകീം സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി ശമീർ പന്നൂർ ഉദ്ഘാടനംചെയ്തു.
അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, ശംസുദ്ദീൻ സുഹ് രി, ശിഹാബുദ്ദീൻ സിദ്ദീഖി, നസീഫ് അൽ ഹമ്പനി, മൻസൂർ അഹ്സനി എന്നിവർ സംബന്ധിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 34 ഇനങ്ങളിൽ 360 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. എസ്.ജെ.എം പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ഐ.സി.എഫ്. ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് അസ്ഹർ അൽ ബുഖാരി പ്രാർഥന നിർവഹിച്ചു.
ശൈഖ് മുഹ്സിൽ മുഹമ്മദ് ഹുസൈൻ മദനി മുഖ്യാതിഥിയായ ചടങ്ങിൽ അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി ഫലപ്രഖ്യാപനം നടത്തി.
വിജയികൾക്ക് ശൈഖ് മുഹ്സിൻ, സുലൈമാൻ ഹാജി, അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, ഉസ്മാൻ സഖാഫി, അബ്ദുറസാഖ് ഹാജി, സി.എച്ച് അശ്റഫ്, സിയാദ് വളപട്ടണം, അബ്ദുസ്സമദ് കാക്കടവ് എന്നിവർ സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണംചെയ്തു.
ഷംസുദ്ദീൻ പൂക്കയിൽ, നൗഷാദ് മുട്ടുന്തല, ഫൈസൽ ചെറുവണ്ണൂർ, അബ്ദുറഹ്മാൻ ചെക്യാട്, വി.പി.കെ. മുഹമ്മദ്, അബ്ദുല്ല രണ്ടത്താണി, യഹ്യ ചെറുകുന്ന്, ഹംസ പുളിക്കൽ എന്നിവർ നേതൃത്വം നൽകി.
സ്വാഗതസംഘം കൺവീനർ അബ്ദുറഹീം സഖാഫി വരവൂർ സ്വാഗതവും ശിഹാബുദ്ദീൻ സിദ്ദീഖി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

