സമസ്ത സെന്റിനറി; ഐ.സി.എഫ് പ്രചാരണ കാമ്പയിന് തുടക്കം
text_fieldsമനാമ: ‘മനുഷ്യർക്കൊപ്പം’ശീർഷകത്തിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷികത്തോടനുബന്ധിച്ച് ഐ.സി.എഫ് സംഘടിപ്പിക്കുന്ന സെന്റിനറി സന്ദേശ പ്രചാരണ കാമ്പയിന് ബഹ്റൈനിൽ തുടക്കമായി. കർമരംഗത്ത് ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തും മറ്റും ഒട്ടനവധി നൂതന പദ്ധതികൾ മുന്നോട്ടുവെക്കുന്നുണ്ട്. പ്രസ്ഥാനത്തിന്റെ പ്രവാസഘടകമായ ഐ.സി.എഫ് നേതൃത്വത്തിൽ സെന്റിനറി കാലയളവിൽ വിവിധ പദ്ധതികൾ നടപ്പാക്കും.
ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കുന്ന സന്ദേശ പ്രചാരണ കാമ്പയിനിന്റെ ഭാഗമായി വിളംബരം, ഉണർത്തു യാത്ര, ജനസമ്പർക്കം, ലഘുലേഖ വിതരണം, ചരിത്ര പഠനം, പ്രഭാഷണങ്ങൾ, സ്നേഹ സംഗമങ്ങൾ എന്നിവ നടക്കും. ബഹ്റൈനിലെ എട്ട് റീജൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഉണർത്തു ജാഥക്ക് 42 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.
സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരള യാത്രയുടെ സമാപന ദിനമായ ജനുവരി 16ന് വിപുലമായ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കും. സൽമാനിയ കെ. സിറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് തുറാബ് തങ്ങൾ മുഖ്യാതിഥിയാകും.
മനാമ, മുഹറഖ്, ഗുദൈബിയ, ഉമ്മുൽ ഹസം, സൽമാബാദ്, ഇസാ ടൗൺ, രിഫ, ഹമദ് ടൗൺ എന്നീ കേന്ദ്രങ്ങളിൽ നടന്ന കാമ്പയിൻ വിളംബര സംഗമങ്ങൾക്ക് കെ.സി. സൈനുദ്ദീൻ സഖാഫി, കെ.കെ. അബൂബക്കർ ലത്വീഫി, അഡ്വ. എം.സി അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, റഫീക്ക് ലത്വീഫി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

