ഇന്ത്യൻ സ്കൂളിൽ ഐ.സി.സി വനിത ക്രിക്കറ്റ് ഫെസ്റ്റിവൽ
text_fieldsഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഐ.സി.സി വനിത ക്രിക്കറ്റ് ഫെസ്റ്റിവലിൽനിന്ന്
മനാമ: ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസ് ഗ്രൗണ്ടിൽ വനിത ക്രിക്കറ്റ് വാരം 2025 ആഘോഷിച്ചു. ഇതിന്റെ ഭാഗമായി പെൺകുട്ടികൾക്കായുള്ള ഐസിസി ക്രിയോ ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിച്ചു. അഞ്ച് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
ആവേശകരമായ ഫൈനൽ മത്സരത്തിൽ, ഗ്രേഡ് 8 ലെ പാർവതി സലേഷ് നയിക്കുന്ന ഐ.എസ്.ബി സ്പാർട്ടൻ ടീം ഫൈഹ അബ്ദുൽ ഹക്കീം നയിക്കുന്ന ഐ.എസ്.ബി സൂപ്പർ സ്റ്റാറിനെ അഞ്ച് റൺസിന് പരാജയപ്പെടുത്തി. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനിലെ 14 പ്രതിനിധികളുടെ മേൽനോട്ടത്തിലായിരുന്നു മത്സരങ്ങൾ. അസീം ഉൽ ഹഖ്, അർഷാദ് ഖാൻ എന്നിവർ നേതൃത്വം നൽകി. എല്ലാ കളിക്കാർക്കും ജഴ്സികളും ലഘുഭക്ഷണവും നൽകി. ആഗോള ഐ.സി.സി സംരംഭത്തിന്റെ ഭാഗമായി ബി.സി.എഫ് സംഘടിപ്പിക്കുന്ന ക്രിയോ ക്രിക്കറ്റ് ഫെസ്റ്റിവൽ ക്രിക്കറ്റിലൂടെ കായികക്ഷമത പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
പ്രമുഖ വിദ്യാഭ്യാസ വിദഗ്ധർ വികസിപ്പിച്ചെടുത്ത ഈ പരിപാടി വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്താനും ലക്ഷ്യമിടുന്നു. കായികപ്രവർത്തനത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും വേണ്ടിയുള്ള ആജീവനാന്ത ഉത്സാഹം വളർത്തിയെടുക്കുന്ന ശാരീരിക സാക്ഷരത എന്ന ആശയത്തെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. സ്കൂൾ ഫിസിക്കൽ എജുക്കേഷൻ മേധാവി ശ്രീധർ ശിവ, കായിക അധ്യാപകൻ വിജയൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, മറ്റ് ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ കളിക്കാരുടെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.
കൂടാതെ, ടൂർണമെന്റ് മികച്ച വിജയമാക്കുന്നതിൽ വിലപ്പെട്ട പിന്തുണക്കും സഹകരണത്തിനും ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

