ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന് ഐ.സി.സി പുരസ്കാരം
text_fieldsഐ.സി.സി വനിത ക്രിക്കറ്റ് ഇനീഷ്യേറ്റിവ് പുരസ്കാരം ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
മനാമ: സ്പോർട്സിലൂടെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ(ബി.സി.എഫ്) പ്രവർത്തനങ്ങൾക്ക് ഐ.സി.സിയുടെ പുരസ്കാരം. സംഘടനയുടെ വാർഷിക കോൺഫറൻസിൽ 2021ലെ വനിത ക്രിക്കറ്റ് ഇനീഷ്യേറ്റിവ് പുരസ്കാരം ഫെഡറേഷന് ലഭിച്ചു. ബി.സി.എഫ് പ്രസിഡന്റ് ഹതിം ദാദാബായ്, അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ, യു.കെയിലെ ചീഫ് ഡെവലപ്മെന്റ് ഓഫിസർ പളനി ഗുരുമൂർത്തി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
സ്കൂളുകളിലും ക്ലബുകളിലും താഴേത്തട്ടിൽനിന്ന് യുവകായിക താരങ്ങളെ കണ്ടെത്തി പരിശീലനം നൽകിയും വനിത ക്രിക്കറ്റ് താരങ്ങളെ പ്രോത്സാഹിപ്പിച്ചും മികച്ച ദേശീയ ടീമിന് രൂപം നൽകാൻ ബി.സി.എഫ് നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. ടീമിന്റെ ആദ്യ വിദേശ പര്യടനത്തിൽതന്നെ നിരവധി ലോക റെക്കോഡുകൾ തകർത്തിരുന്നു. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും വനിത ക്രിക്കറ്റ് താരങ്ങൾക്കും ലഭിച്ച മികച്ച നേട്ടമാണ് പുരസ്കാരമെന്ന് പ്രസിഡന്റ് ഹതിം ദാദാബായ് പറഞ്ഞു. ബഹ്റൈനിലെ ക്രിക്കറ്റിന് അസാധാരണമായ വർഷമാണ് ഇതെന്നും ലോക റെക്കോഡുകൾ തകർത്തതിനൊപ്പം ഇപ്പോൾ ഐ.സി.സിയുടെ ആഗോള അംഗീകാരവും തേടിയെത്തിയെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ പറഞ്ഞു.
ടീമിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൂടുതൽ നേട്ടങ്ങളിലേക്ക് മുന്നേറുന്നതിലാണ് ഇനി ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകളിൽ വനിത ക്രിക്കറ്റ് വളരെ ശക്തമായി അവതരിപ്പിക്കാനും കൂടുതൽ പെൺകുട്ടികളെ ക്രിക്കറ്റിലേക്ക് ആകർഷിക്കാനുമാണ് ഭാവി പദ്ധതിയെന്ന് ഗുരുമൂർത്തി പളനി പറഞ്ഞു. പുരസ്കാര നേട്ടത്തിൽ സന്തോഷമുണ്ടെന്ന് വൈ.കെ അൽമൊയ്യാദ് ആൻഡ് സൺസ് സി.ഇ.ഒ അലോക് ഗുപ്ത പറഞ്ഞു. ബഹ്റൈൻ വനിത ക്രിക്കറ്റ് ടീമിന്റെ ആദ്യകാല സ്പോൺസർമാരിൽ ഒന്നായ നിസാൻ വനിത ക്രിക്കറ്റ് താരങ്ങളുടെ കഴിവിൽ എപ്പോഴും വിശ്വസിച്ചിരുന്നുവെന്നും അവരുടെ കഠിനാധ്വാനവും അർപ്പണബോധവും അഭിമാന നേട്ടം സമ്മാനിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.