സിവിൽ ഏവിയേഷനിലെ സുരക്ഷാ മികവിന് ബഹ്റൈന് ഐ.സി.എ.ഒ കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റ്
text_fieldsകാനഡയിൽ നടന്ന ഐ.സി.എ.ഒയുടെ 42ാമത് അസംബ്ലിയുടെ ഉദ്ഘാടന സെഷനിൽ നിന്ന്
മനാമ: സിവിൽ ഏവിയേഷൻ രംഗത്തെ സുരക്ഷാ പുരോഗതിയിലെ മികച്ച പ്രകടനത്തിന് ബഹ്റൈന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റ് ലഭിച്ചു.
സിവിൽ ഏവിയേഷൻ രംഗത്തെ ഏറ്റവും അഭിമാനകരമായ അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നാണിത്. കാനഡയിൽ നടന്ന ഐ.സി.എ.ഒയുടെ 42ാമത് അസംബ്ലിയുടെ ഉദ്ഘാടന സെഷനിൽ വെച്ച് ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ കാര്യങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ഹുസൈൻ അൽ ശുവൈൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. നേട്ടം ഹമദ് രാജാവിന്റെ ദർശനത്തെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പിന്തുണയെയും പ്രതിഫലിക്കുന്നതായി ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ പറഞ്ഞു.
സിവിൽ ഏവിയേഷനെ ശക്തിപ്പെടുത്തുന്നതിനും സുരക്ഷാനിലവാരം ഉയർത്തുന്നതിനും അന്താരാഷ്ട്ര നിലവാരവുമായി യോജിച്ചുപോകുന്നതിനും ബഹ്റൈനുള്ള പ്രതിബദ്ധത ഈ പുരസ്കാരം അടിവരയിടുന്നെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഏവിയേഷൻ സുരക്ഷ, സുരക്ഷിതത്വം, സുസ്ഥിരത എന്നീ മേഖലകളിൽ മികച്ച ഫലങ്ങൾ കൈവരിക്കുന്ന അംഗരാജ്യങ്ങൾക്കാണ് ഐ.സി.എ.ഒയുടെ കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റ് നൽകുന്നത്. ബഹ്റൈന്റെ ഈ വിജയം ഒരു നാഴികക്കല്ലാണ്.
അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും ആഗോള വ്യോമഗതാഗതത്തിന്റെ വികസനത്തെ പിന്തുണക്കുന്നതിലും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലെ രാജ്യത്തിന്റെ നേതൃത്വം ശക്തിപ്പെടുത്തുന്നതിലും ഇത് സുപ്രധാന പങ്ക് വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

