റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ; സൗദിക്ക് പൂർണ പിന്തുണ
text_fieldsമനാമ: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ പിന്തുണയുള്ള ഹൂതികൾ തുടർച്ചയായി നടത്തുന്ന ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. രണ്ടുദിവസം മുമ്പ് നടന്ന ആക്രമണത്തിന് പിന്നാലെ ഇതേ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടായത് മേഖലയിലെ സുരക്ഷക്ക് കടുത്ത ഭീഷണിയാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക തത്ത്വങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വ്യോമയാന മേഖലക്കും സാധാരണക്കാരായ യാത്രക്കാരുടെയും ഫ്ലൈറ്റ് ക്രൂവിന്റെയും സുരക്ഷക്കും കടുത്ത ഭീഷണിയുയർത്തുന്ന ഇത്തരം നടപടികൾ ചിക്കാഗോ കൺവെൻഷൻ മാനദണ്ഡങ്ങളുടെയും അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയുടെ നിബന്ധനകളുടെയും ലംഘനമാണ്.
സൗദിയോടുള്ള പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ബഹ്‌റൈൻ, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണവും ഉറപ്പാക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ പരമാധികാര നടപടികൾക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ചും ജി.സി.സി സംയുക്ത പ്രതിരോധ കരാർ പ്രകാരവും ആത്മരക്ഷക്കുളള സൗദിയുടെ അവകാശത്തെ ബഹ്‌റൈൻ അടിവരയിട്ടു. സൗദിയുടെ സുരക്ഷ ബഹ്‌റൈന്റെയും മറ്റ് ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ ഭാഗമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ തടയാൻ യു.എൻ രക്ഷാസമിതിയും ഐ.സി.എ.ഒയും അന്താരാഷ്ട്ര സമൂഹവും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു. കുറ്റക്കാർക്കും അവർക്ക് പിന്തുണ നൽകുന്നവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും യു.എൻ രക്ഷാസമിതി പ്രമേയങ്ങളായ 2216, 2817 എന്നിവ കൃത്യമായി നടപ്പിലാക്കണമെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

