സൗദിക്കെതിരായ ഹൂതി ആക്രമണം; ഐക്യരാഷ്ട്രസഭയിൽ ശക്തമായ പ്രതിഷേധവുമായി ബഹ്റൈൻ
text_fieldsമനാമ: സൗദി അറേബ്യയ്ക്കെതിരായ ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ ബഹ്റൈൻ ശക്തമായി അപലപിച്ചു. ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങൾക്ക് സമീപം നടത്തുന്ന ഇത്തരം ആക്രമണങ്ങൾ സൗദി അറേബ്യയ്ക്ക് നേരെ മാത്രമുള്ളതല്ലെന്നും, ലോകമെമ്പാടുമുള്ള 150 കോടിയിലധികം വരുന്ന മുസ്ലീങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും ബഹ്റൈൻ മുന്നറിയിപ്പ് നൽകി.
മദീനയിലെ മസ്ജിദുന്നബവിയിലേക്ക് വൈദ്യുതി എത്തിക്കുന്ന പവർ സ്റ്റേഷന് നേരെ ഹൂതികൾ നടത്തിയ ആക്രമണവും, മക്കയ്ക്ക് സമീപം നേരത്തെ നടന്ന ആക്രമണവും ഇരു ഹറമുകളുടെയും പവിത്രതയെ ലംഘിക്കുന്നതാണെന്ന് യുഎന്നിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈയി വ്യക്തമാക്കി. യമനിലെ യു.എൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗ് പങ്കെടുത്ത സുരക്ഷാ കൗൺസിൽ ബ്രീഫിംഗിലാണ് അംബാസഡർ ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത്.
‘സാധാരണക്കാർക്ക് നേരെ നടത്തുന്ന ആക്രമണങ്ങളും അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന നടപടികളും അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ സുരക്ഷാ കൗൺസിലിന്റെ 2722 (2024) പ്രമേയത്തിന്റെയും വ്യക്തമായ ലംഘനമാണെന്ന് അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈയി പറഞ്ഞു.
യമനിലും ഹൂതികൾ നടത്തുന്ന സൈനിക ഏറ്റുമുട്ടലുകളെയും ബഹ്റൈൻ ശക്തമായി അപലപിച്ചു. ഹൂതികളുടെ ആക്രമണങ്ങൾ വെടിനിർത്തൽ കരാറുകളുടെ ലംഘനമാണെന്നും, ഇത് മൂലം 1,45,000-ത്തിലധികം ആളുകൾ സ്വന്തം വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിയൊഴിപ്പിക്കപ്പെട്ട ഈ ജനവിഭാഗം നിലവിൽ രൂക്ഷമായ ഭക്ഷണക്ഷാമവും ആരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവും നേരിടുകയാണ്.
നിലവിലെ സാഹചര്യം യമനിലെ ആരോഗ്യ മേഖലയെ പൂർണ്ണമായ തകർച്ചയിലേക്ക് തള്ളിവിടുമെന്നും, അഭയാർത്ഥികൾക്കിടയിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള വലിയ സാധ്യതയുണ്ടെന്നും അംബാസഡർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

