ഹൂറ ഭവന പദ്ധതി ഉടൻ ആരംഭിക്കണം -എം.പി മുഹമ്മദ് ജനാഹി
text_fieldsഎം.പി മുഹമ്മദ് ജനാഹി
മനാമ: ഹൂറ ഭവന പദ്ധതി ഉടൻ ആരംഭിക്കണമെന്ന ആവശ്യവുമായി എം.പി മുഹമ്മദ് ജനാഹി രംഗത്ത്. ഹൂറയിലെ ഭവനരഹിതർക്ക് വീടുകൾ നൽകുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. ഇവിടെ 51 പേരുടെ അപേക്ഷകൾ മാത്രമാണ് ഭവന മന്ത്രാലയത്തിൽ തീർപ്പാകാതെ കിടക്കുന്നത്. ഇതിൽ 20 വർഷം മുമ്പ് അപേക്ഷിച്ചവരും ഉൾപ്പെടും. അതിനാൽ പദ്ധതി ഉടൻ ആരംഭിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്. ഈ വിഷയം അടിയന്തരമായി പരിഗണിക്കുകയാണെങ്കിൽ വേഗത്തിൽ പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2003, 2004, 2006 വർഷങ്ങളിലെ അപേക്ഷകൾ ഇപ്പോഴും തീർപ്പാകാതെ കിടക്കുന്നുണ്ട്. ഈ നീക്കം മോശം താമസസൗകര്യങ്ങളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്നും വർഷങ്ങളായി അവർ ആഗ്രഹിക്കുന്ന സുരക്ഷിതത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ് 1901ൽ ബൈത്ത് അൽ ഖുർആൻ സമീപമുള്ള രണ്ട് പ്ലോട്ടുകൾ ഈ പദ്ധതിക്കായി ഉപയോഗിക്കാം. ഇവിടെ ഒറ്റ യൂനിറ്റുകളോ അപ്പാർട്ട്മെൻറ് ബ്ലോക്കുകളോ നിർമിച്ച് നിലവിലുള്ള അപേക്ഷകരുടെ പട്ടിക തീർപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്റെ ഭവനവികസനപദ്ധതികളിൽ മനാമക്ക് അർഹമായ സ്ഥാനം നൽകണമെന്നും ഭവനപദ്ധതികൾ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കണമെന്നും എം.പി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

