പള്ളിയാണെന്ന് തെറ്റിദ്ധരിച്ച് വീട്ടിൽ കയറി; വയോധികനെ മർദിച്ച വീട്ടുടമക്ക് ശിക്ഷ
text_fieldsമനാമ: പള്ളിയാണെന്ന് കരുതി പ്രാർത്ഥിക്കാൻ കയറിയ വയോധികനെ മർദിച്ച സംഭവത്തിൽ വീട്ടുടമ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മർദനത്തിൽ പരാതിക്കാരന്റെ ഇടത് ചെവിയുടെ കർണ്ണപടത്തിന് പരിക്കേറ്റിരുന്നു..
കഴിഞ്ഞ ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തപരിശോധനക്ക് എത്തിയ 62 വയസ്സുകാരനായ സ്വദേശി, പരിശോധനകൾക്ക് ശേഷം ഉച്ചനമസ്കാരം നിർവ്വഹിക്കാൻ പള്ളി അന്വേഷിച്ച് ഇറങ്ങിയതായിരുന്നു. പ്രദേശത്ത് ഒരു കെട്ടിടത്തിന്റെ പുറംഭാഗത്തെ മതപരമായ അലങ്കാരങ്ങൾ കണ്ട് അത് പള്ളിയാണെന്ന് തെറ്റിദ്ധരിച്ച് അകത്തുകയറി. എന്നാൽ അത് ഒരു സ്വകാര്യ വീടാണെന്ന് മനസ്സിലാക്കിയ ഉടനെ തന്നെ ക്ഷമാപണം നടത്തി പുറത്തിറങ്ങാൻ ശ്രമിച്ചു. ഈ സമയം പ്രകോപിതനായ 60 വയസ് പ്രായമുളള വീട്ടുടമ പരാതിക്കാരൻ്റെ ഇടത് കവിളത്ത് ശക്തമായി അടിക്കുകയായിരുന്നു.
താൻ വീടിന്റെ വാതിൽ പൂട്ടാൻ മറന്നുപോയതാണെന്നും അനുവാദമില്ലാതെ ഒരാൾ അകത്തുകയറിയപ്പോൾ വീടിന്റെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടി ഒച്ചവെക്കുക മാത്രമാണ് ചെയ്തതെന്നും പ്രതി കോടതിയിൽ പറഞ്ഞു. താൻ ആരെയും മർദിച്ചിട്ടില്ലെന്നും വാദിച്ചു.
പള്ളിയാണെന്ന് കരുതിയാണ് കയറിയതെന്നും തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞിട്ടും വീട്ടുടമ തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു. മർദനത്തിന് ശേഷം ചെവിക്ക് ശക്തമായ വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടി. കർണ്ണപടത്തിന് പരിക്കേറ്റതായി പരിശോധനയിൽ കണ്ടെത്തി.
സംഭവം നടന്ന് നാലു മാസത്തിന് ശേഷവും പരുക്ക് ഭേദമാകാത്തതിനാൽ പരാതിക്കാരൻ നിയമപ്രകാരം കോടതിയെ സമീപിച്ചു. പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലെന്നതും കണക്കിലെടുത്താണ് ജയിൽ ശിക്ഷക്ക് പകരം ഒരു വർഷത്തെ സാമൂഹിക സേവനം ചെയ്യാൻ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

