വീട്ടുനിരീക്ഷണം ദുരിതമല്ല
text_fields2020 മാർച്ച് രണ്ടിന് ബഹ്‌റൈനിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ വിമാനം ഇറങ്ങിയപ്പോൾ യാതൊരുവിധ പരിശോധനകളോ ചോദ്യ ങ്ങളോ നേരിട്ടില്ല. കുറച്ചു ദിവസങ്ങൾക്കകം ഇറ്റലിയിൽ നിന്നും വന്നവർക്ക് കൊറോണ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ശേഷമാണ് ഞങ്ങളുടെ സ്ഥലത്തെ ഹെൽത്ത് ഇൻസ്പെക്ടർ വിദേശത്ത് നിന്നും ലീവിന് വന്നയാൾ എന്ന നിലയിൽ ആദ്യമായി വിളിച്ചത്. അദ്ദേഹത്തിെൻറ നിർദേശങ്ങൾ പുർണ്ണമായി പാലിച്ചു. പനിയോ, ചുമയോ, തൊണ്ട വേദനയോ മറ്റ് ബുദ്ധിമുട്ടോ ഇല്ലെന്ന് ഉറപ്പാക്കി മാർച്ച് 21ന് ബഹ്റൈനിലേക്ക് തിരിച്ചു വന്നു. നാട്ടിലെ ആരോഗ്യ മേഖലയിലെ കരുതലും ആരോഗ്യ പ്രവർത്തകരുടെ ശുഷ്‌കാന്തിയും എത്ര പ്രശംസിച്ചാലും അധികമാവില്ല. ഇക്കാര്യത്തിൽ കേരളം മാതൃക തന്നെയാണ്.
അവധി കഴിഞ്ഞ് ബഹ്‌റൈൻ എയർപോർട്ടിൽ വിമാനമിറങ്ങി മെഡിക്കൽ പരിശോധന ഉൾപ്പെടെ വിവിധ നടപടിക്രമങ്ങൾ കഴിയുന്നതിനായി നാല് മണിക്കൂറിന് മുകളിൽ കാത്തിരിക്കേണ്ടി വന്നു. പക്ഷെ അത് തികച്ചും ആവശ്യവും ശാസ്ത്രീയവുമാണെന്ന് ബോധ്യപ്പെട്ടു. കൊറോണ വൈറസ് ഉണ്ടോ എന്ന പരിശോധന, 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാമെന്ന വ്യവസ്ഥയിൽ ഒപ്പുവെക്കൽ എന്നിവയാണ് ഉണ്ടായിരുന്നത്. സെൽഫ് ക്വാറൻറീൻ കാലത്ത് വായനയും എഴുത്ത് സജീവമാക്കാൻ കഴിയും എന്നതാണ് എെൻറ അനുഭവം. കൂടാതെ ഓൺലൈൻ വഴി ചെയ്യാവുന്ന ജോലികൾ ചെയ്ത് സമയ നഷ്ടം ഇല്ലാതാക്കാനും കഴിയും. സഹനം നാം പ്രവാസത്തിൽ പഠിച്ച പ്രധാന പാഠങ്ങളിൽ ഒന്നാണല്ലോ. എല്ലാം നല്ലതിനാവട്ടെയെന്നും ആശിക്കാം.
കേരളാ വികസനത്തിൽ പ്രവാസികളുടെ പങ്ക് ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ നാട്ടിലിപ്പോൾ പ്രവാസികൾ ലീവിന് വന്നു എന്ന് കേട്ടാൽ എങ്ങും ഭീതിയാണ്. കൃത്യമായ ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന ഉറപ്പ് പ്രവാസികൾ പാലിക്കേണ്ടതുണ്ട്.
മാർഗ നിർദേശങ്ങൾ പാലിക്കാതെ ആരോഗ്യ പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്ന ചുരുക്കം ചിലർ നാട്ടിലുണ്ട്. ഏത് മേഖലയിലും ഉള്ള പോലെ അപവാദം പ്രവാസികളിലും ഉണ്ടെങ്കിലും പൊതുവേ പ്രവാസി മലയാളികൾ നാട്ടിലും വിദേശത്തും നിയമങ്ങളെ ബഹുമാനിക്കുന്നവരാണ്. നമുക്കത് തുടരാം. നാട്ടിൽ പോയാലും തിരിച്ചു വന്നാലും ചുരുങ്ങിയത് 14 ദിവസം വീട്ടിൽ ഇരിക്കാൻ തയ്യാറാകണം.
സർവീസുകൾ നിർത്തിവെച്ചത് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകാതെ, ഇപ്പോൾ പ്രഖ്യാപിച്ച സമയപരിധിയായ മാർച്ച് 29ന് തന്നെ വിമാന സർവീസ് പുനരാരംഭിക്കണം. നാട്ടിലെ എല്ലാ എയർപോർട്ടിലും ശാസ്ത്രീയ പരിശോധന നടത്തണം. ആവശ്യമായ ദിവസങ്ങൾ സ്വയം ഐസൊലേഷനിൽ ഇരിക്കുമെന്ന് എഴുതി ഒപ്പിട്ട് വാങ്ങുകയും അത് ലംഘിക്കുന്ന പക്ഷം കടുത്ത പിഴ, ജയിൽ ശിക്ഷ നടപ്പാക്കുകയുമാണ് വേണ്ടത്. മരണം, അസുഖം തുടങ്ങി വേർപാടുകൾ വിദേശത്തും സ്വദേശത്തും നടക്കുമ്പോൾ പ്രവാസികൾക്കുണ്ടാകുന്ന വൈകാരിക മാനസിക പ്രശ്നങ്ങൾ കാണാതിരിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
