മുൻ സമാജം മെംബർക്ക് തണലൊരുക്കി ബഹ്റൈൻ കേരളീയ സമാജം; സ്നേഹവീട് കൈമാറി
text_fieldsബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ പി.പി. സുകുമാരന് താക്കോൽ നൽകുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തല സമീപം
ബഹ്റൈൻ: പ്രവാസലോകത്തെ സജീവ സാന്നിധ്യമായിരുന്ന മുൻ പ്രവാസിയും മുൻ സമാജം ഇൻഡോർ ഗെയിംസ് സെക്രട്ടറിയുമായിരുന്ന പി.പി. സുകുമാരന് കൈത്താങ്ങായി ബഹ്റൈൻ കേരളീയ സമാജത്തിന്റെ (ബി.കെ.എസ്) ഭവന നിർമാണ പദ്ധതിയിൽ വീട് നിർമിച്ച് നൽകി. വീടിനാവശ്യമായ ഭൂമി വിലക്ക് വാങ്ങി നൽകിയാണ് നിർമാണം പൂർത്തിയാക്കിയത്. നാൽപത് വർഷക്കാലത്തോളം ബഹ്റൈനിൽ പ്രവാസിയായി ജീവിച്ചിട്ടും ജീവിതത്തിന്റെ സായാഹ്നത്തിൽ വലിയ കട ബാധ്യതയും സ്വകാര്യനഷ്ടങ്ങളും വെല്ലുവിളി ഉയർത്തിയ സമയത്താണ് മുൻ സമാജം മെമ്പറും ഇൻഡോർ ഗെയിംസ് സെക്രട്ടറിയുമായിരുന്ന പ്രവാസി പി. പി. സുകുമാരന് ആശ്വാസമായി സമാജം രംഗത്തെത്തിയത്.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന താക്കോൽദാന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുത്തു. കേരളത്തിലെ വിവിധ ക്ഷേമപ്രവർത്തനങ്ങളിൽ മാതൃകാപരമായ പങ്കുവഹിക്കുന്ന പ്രസ്ഥാനമാണ് പി.വി. രാധാകൃഷ്ണപിള്ളയുടെയും വർഗീസ് കാരയ്ക്കലിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമാജമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന് വെളിയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകൾക്ക് മാതൃകയാക്കാവുന്ന ശൈലിയാണ് ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രവർത്തനഘടനയെന്നും തന്റെ നിയോജകമണ്ഡലമായ ഹരിപ്പാട് മണ്ഡലത്തിൽ തന്നെ രണ്ട് വീടുകളാണ് പി.വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകിയതെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ മലയാളികളുടെ ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്നതാണ് ബി.കെ.എസിന്റെ സവിശേഷതയെന്നും, പി.പി. സുകുമാരന് വീട് നിർമിച്ചു നൽകുന്നതിൽ മുൻ ബഹ്റൈൻ പ്രവാസികൾ നൽകിയ സഹകരണത്തെ നന്ദിയോടെ സ്മരിക്കുന്നതായും പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.അശരണരും അർഹരുമായ പ്രവാസികൾക്കായി സമാജം നടപ്പാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ് ഭവന പദ്ധതി.
ഇതുവരെ 35 ഓളം വീടുകൾ ഈ പദ്ധതിയിലൂടെ പൂർത്തിയാക്കി നൽകിയതായി പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. രോഗബാധയും കടബാധ്യതയും മൂലം പ്രയാസപ്പെടുന്ന നിരവധി പേരാണ് സഹായത്തിനായി സമാജത്തെ സമീപിക്കുന്നത്. നിലവിൽ ഏതാനും വീടുകളുടെ നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട പ്രവാസ ജീവിതത്തിനൊടുവിലുണ്ടായ പ്രതിസന്ധികളിൽ കൂടെനിന്ന സമാജത്തോടും ഭരണസമിതിയോടും ഗുണഭോക്താവായ പി.പി. സുകുമാരൻ നന്ദി അറിയിച്ചു. ഡോ. ബിജു ടി ജോർജ് ( ജില്ലാ പഞ്ചായത്തംഗം, രഞ്ജിനി അജിത്ത് (ബ്ലോക്ക്പഞ്ചായത്തംഗം, എബി മെക്കരിക്കാട് (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സുനിൽകുമാർ (വാർഡ് മെംബർ, മാന്താനം ലാലൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്), മാലതി സുരേന്ദ്രൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്), സുരേഷ് ബാബു (മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡന്റ്), ധന്യ ടീച്ചർ ( ബ്ലോക്ക് പഞ്ചായത്തംഗം), ഗ്രേസി മാത്യു ( പഞ്ചായത്തംഗം), അലക്സ് പി.ടി ( പഞ്ചായത്തംഗം), മാത്യു വർഗീസ് ( പഞ്ചായത്തംഗം), അഡ്വ. വർഗീസ് മാമൻ, അഡ്വ.റെജി തോമസ്, രാജു കല്ലുമ്പുറം (ബഹ്റൈൻ ), പി.വി. മോഹൻ കുമാർ (സമാജം മുൻ പ്രസിഡന്റ്) തുടങ്ങിയ പ്രമുഖർ സമ്മേളനത്തിന് ആശംസകൾ നേർന്നു.
ചടങ്ങിൽ ബിനു കുന്നന്താനം സ്വാഗതം പറഞ്ഞു. പ്രസാദചന്ദ്രൻ മേച്ചേട്ട് ആശംസിച്ചു. പി.എസ്.കെ കുറുപ്പ്, സഫിയ മജീദ്, രഞ്ജിത്, ദിലീപ് ബാലകൃഷ്ണൻ, ബിജു മലയിൽ, ബിജു ചെന്നിത്തല തുടങ്ങി നിരവധി ബഹ്റൈൻ പ്രവാസികളും താക്കോൽ ദാന ചടങ്ങിന് സാക്ഷികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

