അശ്രദ്ധ മൂലമുള്ള മരണങ്ങളും പരിക്കും കടുത്ത ശിക്ഷ ഉറപ്പാക്കി ബഹ്‌റൈൻ
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: അശ്രദ്ധ കാരണം സംഭവിക്കുന്ന മരണങ്ങൾക്കും പരിക്കുകൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കി ബഹ്‌റൈൻ ക്രിമിനൽ നിയമത്തിൽ ഭേദഗതി. റോയൽ ഡിക്രി-ലോ നമ്പർ (31) 2025 പ്രകാരം, രാജ്യത്തെ പീനൽ കോഡിലെ പ്രധാന വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. പ്രധാനമന്ത്രിയുടെ നിർദേശത്തെയും മന്ത്രിസഭയുടെ അംഗീകാരത്തെയും തുടർന്നാണ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഭേദഗതി വരുത്തിയ ആർട്ടിക്കിൾ 342 അനുസരിച്ച്, ഒരാളുടെ അശ്രദ്ധ കാരണം മറ്റൊരാളുടെ മരണത്തിന് കാരണമായാൽ തടവോ പിഴയോ ചുമത്താം. സാധാരണ ശിക്ഷ രണ്ട് മുതൽ അഞ്ച് വർഷം വരെ തടവോ 2,000 മുതൽ 6,000 ദിനാർ വരെ പിഴയോ ആയിരിക്കും. തൊഴിൽപരമായ അശ്രദ്ധ, ലഹരി ഉപയോഗം, അല്ലെങ്കിൽ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ശിക്ഷ കൂടുതൽ കർശനമാക്കും.
ഒന്നിലധികം മരണങ്ങൾ സംഭവിച്ചാൽ തടവ് ഏഴ് വർഷം വരെയും പിഴ 10,000 ദിനാർ വരെയും ഉയർത്താം. കൂടുതൽ ഗുരുതരമായ സാഹചര്യങ്ങളിൽ ശിക്ഷ 10 വർഷം വരെയാകാം. ഈ നിയമപ്രകാരമുള്ള കേസുകൾ ഹൈ ക്രിമിനൽ കോടതിയാണ് പരിഗണിക്കുക, അപ്പീലുകൾ സുപ്രീം ക്രിമിനൽ കോർട്ട് ഓഫ് അപ്പീലിൽ സമർപ്പിക്കാം. ആർട്ടിക്കിൾ 343 പ്രകാരം, അശ്രദ്ധമൂലം ഒരാൾക്ക് ശാരീരികമായ പരിക്കുകൾ സംഭവിച്ചാൽ ഒരു വർഷം വരെ തടവോ 200 ദിനാർ വരെ പിഴയോ ശിക്ഷയായി ലഭിക്കാം. തൊഴിൽപരമായ അശ്രദ്ധ, ലഹരി ഉപയോഗം, അല്ലെങ്കിൽ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാതിരിക്കുക എന്നിവ കാരണം സ്ഥിരമായ പരിക്ക് സംഭവിച്ചാൽ ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവോ 8,000 ദിനാർ വരെ പിഴയോ ലഭിക്കാം. ഒന്നിലധികം പേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ ശിക്ഷ രണ്ട് മുതൽ ഏഴ് വർഷം വരെ തടവായി വർദ്ധിക്കാം. പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇത് നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

