ഭിന്നതകളും സംഘർഷങ്ങളും ഒഴിവാക്കണം- നബിദിന സന്ദേശവുമായി ഹമദ് രാജാവ്
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തിൽ ബഹ്‌റൈനിലെ ജനങ്ങൾക്കും ഇസ്ലാമിക ലോകത്തിനും ആശംസകൾ നേർന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. പ്രവാചകന്റെ ജീവിതത്തിലും അധ്യാപനത്തിലും അന്തർലീനമായ കാരുണ്യം, സമാധാനം, അനുകമ്പ തുടങ്ങിയ മൂല്യങ്ങൾ അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഈ സന്ദേശത്തിൽ, പ്രവാചകന്റെ വാക്കുകൾ എല്ലാവർക്കും വേണ്ടിയുള്ള കാരുണ്യത്തിന് വേണ്ടിയുള്ളതാണെന്നും സാഹോദര്യവും ഐക്യവും വളർത്തുന്നതിനും ഭിന്നതകളും സംഘർഷങ്ങളും ഒഴിവാക്കുന്നതിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യസന്ധത, ആത്മാർത്ഥത, മറ്റുള്ളവരെ സേവിക്കാനുള്ള മനസ്സ് തുടങ്ങിയ പ്രവാചകന്റെ ജീവിതത്തിലെ ഉന്നതമായ മൂല്യങ്ങൾ ദിനംപ്രതി ജീവിതത്തിൽ പകർത്താൻ അദ്ദേഹം ബഹ്‌റൈൻ ജനതയോട് ആഹ്വാനം ചെയ്തു. ഈ മൂല്യങ്ങളാണ് ബഹ്‌റൈൻ സമൂഹത്തെ എന്നും നിർവചിക്കുകയും അതിന്റെ കെട്ടുറപ്പിനെ ശക്തിപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ അവബോധവും കൂറും വർദ്ധിപ്പിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള പ്രാദേശിക സംഘർഷങ്ങളും, കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവരടക്കമുള്ള നിരപരാധികളായ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നതും ദേശീയ ഐക്യം നിലനിർത്തേണ്ടതിന്റെയും ഭിന്നതകളും സംഘർഷങ്ങളും ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനിലെയും ഗാസാ മുനമ്പിലെയും ജനങ്ങൾക്കായി പ്രാർത്ഥിച്ച അദ്ദേഹം, ഈ ദുരിതത്തിൽ നിന്ന് അവർക്ക് സമാധാനവും സംരക്ഷണവും ലഭിക്കട്ടെ എന്നും പറഞ്ഞു. പ്രവാചകന്റെ ജന്മദിനത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ രാജാവിന് ആശംസാ സന്ദേശം അയച്ചു. സഹിഷ്ണുത, മിതത്വം, സഹവർത്തിത്വം തുടങ്ങിയ പ്രവാചകന്റെ മഹത്തായ പാരമ്പര്യത്തെയും മൂല്യങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

