ചരിത്രം, അഭിമാനം ശൈഖ ഹെസ്സ സി.ഒ.പി.യു.ഒ.എസ് രണ്ടാം ചെയർപേഴ്സൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് ബഹ്റൈൻ വനിത
text_fieldsവിയന്നയിൽ നടന്ന കമ്മിറ്റിയുടെ 68ാമത് സമ്മേളനത്തിൽ പങ്കെടുക്കുന്ന ശൈഖ ഹെസ്സ
മനാമ: രാജ്യത്തിന് അഭിമാന നേട്ടവുമായി ഐക്യരാഷ്ട്രസഭയുടെ കമ്മിറ്റി ഓൺ ദി പീസ് ഫുൾ യൂസസ് ഓഫ് ഔട്ടർ സ്പേസ് (സി.ഒ.പി.യു.ഒ.എസ്) രണ്ടാം ചെയർപേഴ്സൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് ശൈഖ ഹെസ്സ ബിൻത് അലി ആൽ ഖലീഫ. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അറബ് മുസ്ലിം വനിതയാണ് ശൈഖ ഹെസ്സ.
ഇത് ശാസ്ത്രത്തിലും നേതൃപരമായ സ്ഥാനങ്ങളിലും അറബ് വനിതകൾക്കുള്ള വലിയ മുന്നേറ്റമായാണ് കണക്കാക്കുന്നത്. ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും, ബഹിരാകാശ പര്യവേക്ഷണവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുംവേണ്ടി 1959ൽ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച ഒരു പ്രധാന സമിതിയാണ് സി.ഒ.പി.യു.ഒ.എസ്.
വിയന്നയിൽ നടന്ന കമ്മിറ്റിയുടെ 68-ാമത് സമ്മേളനത്തിലാണ് ശൈഖ ഹെസ്സ തെരഞ്ഞെടുക്കപ്പെട്ടത്. ബഹ്റൈൻ സ്പേസ് ഏജൻസിയെ പ്രതിനിധീകരിച്ചാണ് അവർ സമ്മേളനത്തിൽ പങ്കെടുത്തത്. ബഹിരാകാശ രംഗത്ത് ബഹ്റൈൻ കൈവരിച്ച സമീപകാല നേട്ടങ്ങൾ അവർ പ്രസംഗത്തിൽ പരാമർശിച്ചു. രാജ്യത്തിന്റെ ആദ്യത്തെ ഉപഗ്രഹമായ ‘അൽ മുൻദിർ’ വിക്ഷേപണം, കാർബൺ ഉദ്വമനം നിരീക്ഷിക്കുന്നതിനുള്ള "CO2Sat" പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയത്, ബഹിരാകാശത്ത് നിർമിത ബുദ്ധി പരീക്ഷിക്കുന്നതിൽ ഒമാനുമായുള്ള സഹകരണം, കാലാവസ്ഥ വ്യതിയാനം പഠിക്കുന്നതിനുള്ള അറബ് ഉപഗ്രഹ പദ്ധതി "813", മൂന്ന് ചാന്ദ്ര ദൗത്യങ്ങളിലെ പങ്കാളിത്തം എന്നിവ അവർ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ബഹിരാകാശ ശാസ്ത്രത്തിലും അതു സംബന്ധിച്ച തീരുമാനങ്ങളിലും അറബ് സ്ത്രീകൾ വഹിക്കുന്ന പങ്കിനുള്ള അന്താരാഷ്ട്ര അംഗീകാരമായാണ് തനിക്കു ലഭിച്ച ഈ പദവിയെന്ന് അവർ പറഞ്ഞു. ബഹിരാകാശത്ത് സമാധാനം, നൂതനാശയങ്ങൾ, സുതാര്യത, സുസ്ഥിരത എന്നിവയെ പിന്തുണക്കുന്നതിൽ ബി.എസ്.എയുടെ പ്രതിബദ്ധതയെക്കുറിച്ച് അവർ ഊന്നിപ്പറഞ്ഞു.
"സ്പേസ് ഫോർ വുമൺ", "സ്പേസ് ഫോർ വാട്ടർ" തുടങ്ങിയ യു.എൻ സംരംഭങ്ങൾക്കുള്ള ബഹ്റൈന്റെ പിന്തുണയും, വികസ്വര രാജ്യങ്ങൾക്ക് ബഹിരാകാശ സാങ്കേതികവിദ്യ ലഭ്യമാക്കാൻ സഹായിക്കുന്നതിലുള്ള ശ്രമങ്ങളും അവർ വ്യക്തമാക്കി.ശൈഖ ഹെസ്സയുടെ നോമിനേഷനെ എല്ലാ അംഗരാജ്യങ്ങളും ഏകകണ്ഠമായാണ് പിന്തുണച്ചത്. നിയമനം ഉന്നതതല സാങ്കേതിക വേദികളിൽ തീരുമാനമെടുക്കുന്നതിൽ അറബ് സ്ത്രീകളുടെ പങ്കിനുള്ള അന്താരാഷ്ട്ര അംഗീകാരമായി കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

