ബഹ്റൈനിലെ സന്ദർശകരുടെ ഇഷ്ടയിടം ചരിത്ര സ്ഥലങ്ങൾ
text_fieldsമനാമ: ബഹ്റൈനിലെ പുരാതന ചരിത്രസ്ഥലങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ 2024ൽ വൻ വർധനയുണ്ടായതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആർക്കിയോളജി (ബി.എ.സി.എ) പുറത്തുവിട്ട വിവരമനുസരിച്ച്, 2023ലെ 1.07 ദശലക്ഷത്തിൽ നിന്ന് 2024ൽ സന്ദർശകരുടെ എണ്ണം 1.4 ദശലക്ഷമായി ഉയർന്നു. ഇത് 31 ശതമാനം വർധനയാണ് കാണിക്കുന്നത്. പുരാതന സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ചത് ട്രീ ഓഫ് ലൈഫ് ആണ്. 2024ൽ 352,547 പേരാണ് ഇവിടെയെത്തിയത്. എന്നിരുന്നാലും, 2023ലെ 493,410 സന്ദർശകരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 29 ശതമാനം കുറവാണ്.
കൂടാതെ, മുഹറഖിലെ പേളിങ് പാത്ത് വിസിറ്റർ സെന്ററിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ 58 മടങ്ങ് വർധനയുണ്ടായി. 2023ൽ 4614 പേർ സന്ദർശിച്ചപ്പോൾ 2024ൽ ഇത് 270,167 ആയി ഉയർന്നു. ആർക്കിയോളജീസ് ഓഫ് ഗ്രീൻ പവിലിയൻ, ബു മാഹർ ഫോർട്ട്, ഇൻഫർമേഷൻ സെന്റർ എന്നിവിടങ്ങളിലും സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ഇത് യഥാക്രമം 186ൽ നിന്ന് 3250 ആയും 18,996ൽനിന്ന് 110,155 ആയും ഉയർന്നു. പേളിങ് പാത്തിലെ പ്രശസ്തമായ കുടുംബവീടുകളും സന്ദർശകരെ ആകർഷിച്ചു. അൽ ജലഹ്മ ഹൗസ് (69,987), ഫഖ്രോ ഹൗസ് (63,331), ബദർ ഗുലൂം, തുറാബി ഹൗസ് (51,998), സിയാദി മജ്ലിസ് (51,115), അൽ ഗസ് ഹൗസ് (34,021), അൽ അലവി ഹൗസ് (9,673) എന്നിവയാണ് ജനപ്രിയ സ്ഥലങ്ങൾ. മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലും ബഹ്റൈന്റെ സമുദ്ര പൈതൃകത്തിന് നൽകിയ ഊന്നലുമാണ് സന്ദർശകരുടെ എണ്ണത്തിലുള്ള ഈ കുതിച്ചുചാട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
എന്നാൽ ബാഇത്ത് അൽ ജസ്റയിലെ സന്ദർശകരുടെ എണ്ണത്തിൽ 2023നെ അപേക്ഷിച്ച് 41 ശതമാനം കുറവുണ്ടായി. 2023ൽ 5191 പേർ സന്ദർശിച്ചപ്പോൾ 2024ൽ ഇത് 3037 ആയി കുറഞ്ഞു. അൽ ജസ്റ കരകൗശല കേന്ദ്രത്തിൽ 7085 പേർ സന്ദർശകരായി എത്തി. ബാനി ജംറ നെയ്ത്തുശാലയിലെ സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ മാറ്റമുണ്ടായില്ല.ബഹ്റൈൻ ഫോർട്ടിലെ (ഖലഅത് അൽ ബഹ്റൈൻ) സന്ദർശകരുടെ എണ്ണത്തിൽ 50 ശതമാനം കുറവുണ്ടായി. 2023ൽ 415,151 ആയിരുന്നത് 2024ൽ 208,966 ആയി കുറഞ്ഞു. എന്നിരുന്നാലും, 2024ൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ മൂന്നാമത്തെ സ്ഥലമാണിത്. മ്യൂസിയത്തിൽ സന്ദർശകരുടെ എണ്ണത്തിൽ 35 ശതമാനം വർധനയുണ്ടായി. നാഷനൽ മ്യൂസിയത്തിൽ സന്ദർശകരുടെ എണ്ണം 29 ശതമാനം വർധിച്ചു. 2023ൽ 94,949 പേരായിരുന്നത് 2024ൽ 122,153 ആയി ഉയർന്നു. പോസ്റ്റ് ഓഫിസ് മ്യൂസിയം, ശൈഖ് സൽമാൻ ബിൻ അഹമ്മദ് അൽ ഫത്തേഹ് ഫോർട്ട്, അൽ ഖമീസ് മോസ്ക്, ബാർബർ ടെമ്പിൾ തുടങ്ങിയ സ്ഥലങ്ങളിലും സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

