Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉയർന്ന ചൂടും അന്തരീക്ഷ...

ഉയർന്ന ചൂടും അന്തരീക്ഷ ഈർപ്പവും; ജാഗ്രത വേണം

text_fields
bookmark_border
ഉയർന്ന ചൂടും അന്തരീക്ഷ ഈർപ്പവും; ജാഗ്രത വേണം
cancel

മനാമ: ഉയർന്ന താപനിലയോടൊപ്പം ഉയർന്ന അന്തരീക്ഷ ഈർപ്പവും ഉണ്ടാകുമെന്നതിനാൽ ഈ ആഴ്‌ച ഗൾഫ് മേഖലയിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ. ഈ ആഴ്ച ബഹ്റൈനിൽ 45 ഡിഗ്രി സെൽഷ്യസ് ആണ് ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും അത് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ചൂടിനോടൊപ്പം ഹ്യുമിഡിറ്റിയും ഉയരുന്നതിനാൽ ‘വെറ്റ്-ബൾബ് താപനില’ ഉയരാൻ സാധ്യതയുണ്ട്. ശരീരത്തിന് വിയർപ്പിലൂടെ അധിക താപത്തെ പുറത്തുകളയാൻ സാധിക്കുന്നില്ല എന്നതാണ് ഇതിനെ ഗൗരവമുള്ളതാക്കുന്നത്. ഈ അവസ്ഥയിൽ ശരീരം തണുപ്പിക്കാൻ ശ്രദ്ധിക്കണം. അതിന് കഴിയുന്നില്ലെങ്കിൽ, ശരീരതാപം അമിതമാകാനിടയാക്കും.അത് ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.

2010ലെ പഠനത്തിൽ, ആറ് മണിക്കൂറിനപ്പുറം നിലനിൽക്കുന്ന 35 ഡിഗ്രി സെൽഷ്യസ് വെറ്റ്ബൾബ് താപനില ആളുകളിൽ ഹൈപ്പർതെർമിയയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. 35 ഡിഗ്രി സെൽഷ്യസിനും അതിനുമുകളിലും ഉള്ള വെറ്റ് ബൾബ് താപനില മാരകമാണ്.

വെറ്റ് ബൾബ് താപനില

വെറ്റ് ബൾബ് താപനില എന്നത് താപത്തിന്റെയും ഈർപ്പത്തിന്റെയും അളവാണ്. താപ സമ്മർദ്ദ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുള്ള ഒരു രീതിയാണിത്. ഒരു നനഞ്ഞ തുണി ഒരു തെർമോമീറ്ററിന്റെ ബൾബിന് മുകളിൽ വയ്ക്കുക. നനഞ്ഞ തുണിയിൽ നിന്നുള്ള വെള്ളം ബാഷ്പീകരിക്കപ്പെടുന്നതിനാൽ തെർമോമീറ്റർ തണുക്കും. തത്ഫലമായുണ്ടാകുന്ന താഴ്ന്ന താപനിലയാണ് വെറ്റ് ബൾബ് താപനില എന്ന് അറിയപ്പെടുന്നത്.

ഈർപ്പം ഉയർന്നതാണെങ്കിൽ ബാഷ്പീകരണം കുറയും. വിയർക്കുന്നതിലൂടെയാണ് ശരീരം താപനില കുറയ്ക്കുന്നത്.എന്നാൽ വെറ്റ് ബൾബ് താപനില മനുഷ്യ ശരീരത്തിന്റെ താപനിലയെക്കാൾ (ഏകദേശം 36 ഡിഗ്രി സെൽഷ്യസ്) ഉയരുമ്പോൾ, വിയർപ്പിന് ബാഷ്പീകരിക്കാൻ കഴിയില്ല. മനുഷ്യശരീരത്തിന് സ്വയം തണുപ്പിക്കാൻ കഴിയില്ല.വെറ്റ് ബൾബ് താപനില കൂടിയാൽ മനുഷ്യശരീരം അമിതമായി ചൂടാകാൻ തുടങ്ങും.

കൂടുതൽ വെള്ളം കുടിക്കുക; വിശ്രമിക്കുക

ഡോ.പി.വി.ചെറിയാൻ (ചെയർമാൻ, കാൻസർ കെയർ ഗ്രൂപ്പ്)

താപ നില ഉയരുകയും അന്തരീക്ഷ ഈർപ്പം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ചൂട് കാലത്തു പതിവിൽ കൂടുതൽ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിർജലീകരണം സംഭവിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം. ഒരു കാരണവശാലും രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെ നേരിട്ട് വെയിൽ കൊള്ളരുത്. വേനലിൽ ഇളം നിറമുള്ള കോട്ടൺ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. പുറത്തെ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർ അരമണിക്കൂർ ജോലിക്കുശേഷം തണലത്ത് വിശ്രമിക്കണം. ശരീരത്തിൽ നിന്ന്​ വിയർപ്പായും മൂത്രമായും വെള്ളം നഷ്​ടപ്പെടും. ചൂടു കാലത്ത്​ ധാരാളം വെള്ളം നഷ്​ടമാകുന്നതിനാൽ നഷ്​ടം നികത്താനാവശ്യമായത്ര ​വെള്ളം കുടിക്കേണ്ടതാണ്​. നഷ്ടപ്പെടുന്ന മൂലകങ്ങളുടെ കുറവ് നികത്താൻ ഒ.ആർ.എസ് ലായനി കുടിക്കുന്നത് നല്ലതാണ്. ഇളം ചൂട് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കാവുന്നതാണ്. ശീതളപാനീയങ്ങൾ ഒഴിവാക്കണം. തണ്ണി മത്തൻ പോലുള്ള ജലത്തിന്റെ അളവ് കൂടുതലുള്ള പഴങ്ങൾ നല്ലതാണ്. വേനൽകാലത്ത് ഭക്ഷ്യവിഷബാധക്ക് സാധ്യതയുണ്ട്. ഷവർമ പോലുള്ള ഭക്ഷ്യപദാർത്ഥങ്ങൾ കഴിക്കുമ്പോൾ സൂക്ഷിക്കണം. രണ്ടുനേരം കുളിക്കുന്നത് നല്ലതാണ്. നന്നായി ഉറങ്ങുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി അടക്കം നിലനിർത്തുന്നതിന് സഹായകരമാണ്.മൊബൈൽ ഉപയോഗിക്കുന്ന സമയം കുറക്കണമെന്നർത്ഥം. അധിക സമയം നേരിട്ടുള്ള സൂര്യതാപം ഏൽക്കുന്നത് ഒഴിവാക്കണം. തലമറയ്ക്കുന്ന രീതിയിൽ തലപ്പാവ്, തൊപ്പി എന്നിവ ഉപയോഗിക്കാവുന്നതാണ്.

ആവശ്യത്തിന്​ വെള്ളം കുടിച്ചിട്ടില്ലെങ്കിൽ വായയും ത്വക്കും വരണ്ടു പോകും. തലവേദന, മയക്കം, തലചുറ്റൽ, ഉത്​സാഹക്കുറവ്​, ശ്രദ്ധയില്ലായ്​മ തുടങ്ങിയ പ്രശ്​നങ്ങൾക്കും ഇടയാക്കിയേക്കാം. മൂത്രത്തിന്റെ അളവ് കൂടുക, കൂടക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക, കുടുതൽ വിയർക്കുക തുടങ്ങിയവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാകാം. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ നിശ്ചയമായും ഡോക്ടറുടെ സഹായം തേടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high temperaturebahrain
News Summary - high temperature
Next Story