കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗം തടയൽ; പ്രഥമ കരുതൽ രക്ഷിതാക്കൾ നടത്തണമെന്ന് നിർദേശം
text_fieldsഡോ. ഉസാമ ബഹർ
മനാമ: വ്യാപിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ സാഹചര്യത്തിൽ ഇത്തരം തെറ്റുകളിൽനിന്ന് തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാനും ശ്രദ്ധിക്കാനും രക്ഷിതാക്കളോട് അഭ്യർഥിച്ച് അധികൃതർ. കുട്ടികളുടെ സ്വഭാവം രൂപപ്പെടുത്തുന്നതിൽ കൂട്ടുകാരുടെ സ്വാധീനം നിർണായകമായതുകൊണ്ട് അവർ ആരുമായാണ് സമയം ചെലവഴിക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹർ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലെ 'അൽ അമാൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ശീലങ്ങൾക്കെതിരെ പ്രതിരോധത്തിന്റെ പ്രഥമ കരുതലെടുക്കേണ്ടത് രക്ഷിതാക്കളാണ്. തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും നല്ല രീതിയിൽ ഇടപെടുകയും ആദരവോടെയും ഗൗരവത്തോടെയും സംസാരിക്കുകയും ചെയ്യേണ്ടത് കടമയും അവകാശവുമാണ്. സുഹൃത്തുക്കളുടെ സ്വഭാവം വിലയിരുത്തുകയും ശരിയായ സുഹൃത്തുക്കളെ തെരഞ്ഞെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാത്രി വൈകി വീട്ടിലെത്തുന്നതും ഉറങ്ങാതെ ഇരിക്കുന്നതുമായ കുട്ടികളെ രക്ഷിതാക്കൾ പൂർണമായി നിരീക്ഷിക്കണം. അതിന്റെ കാരണം അന്വേഷിക്കാൻ ശ്രമിക്കണം. എന്തെങ്കിലും സംശയം തോന്നുന്നെങ്കിൽ മാതാപിതാക്കളെന്ന നിലയിൽ അവരോട് സ്നേഹത്തോടെതന്നെ പെരുമാറുകയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യണം. ദേഷ്യം പ്രകടിപ്പിക്കുക, സാധനങ്ങൾ നശിപ്പിക്കാൻ തുടങ്ങുക, പഠനത്തിലും മറ്റും ശ്രദ്ധിക്കാതിരിക്കുക, പണം അനാവശ്യമായി ചെലവാക്കുക എന്നീ പ്രവണതകൾ കാണിക്കുന്നുണ്ടെങ്കിൽ കാലതാമസം വരാതെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടാം. അവർക്ക് നിങ്ങളെ സഹായിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിവസ്തുക്കളെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെയും സാഹചര്യമനുസരിച്ച് രക്ഷിതാക്കൾ ഇടപെടേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ഡോ. ബഹർ മുന്നറിയിപ്പ് നൽകി. മയക്കുമരുന്ന് ആസക്തിയിൽനിന്ന് പുറത്തുവരാൻ ശ്രമിക്കുന്നവർ പ്രഫഷനൽ സഹായത്തിനും മാർഗനിർദേശത്തിനും ആഭ്യന്തര മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 996ൽ ബന്ധപ്പെടണം. സഹായം തേടുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന്റെ നാർകോട്ടിക്സ് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ലെഫ്.
കേണൽ മുഹമ്മദ് അൽ ബുഐനൈൻ ഉറപ്പുനൽകി. അവരെ ശിക്ഷിക്കുന്നതിനുപകരം ബോധവത്കരിക്കാനും സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരുവർഷത്തിനിടെ അര ടണ്ണിലധികം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അതിൽ 2,559 കേസുകളിൽ 2,824 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

