ഹെൽപ്ഡെസ്ക്
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും.
bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
ആറു ദിവസം തുടർച്ചയായി ജോലി ചെയ്താലേ വെള്ളിയാഴ്ചത്തെ ശമ്പളം തരൂ എന്നുണ്ടോ
? ഞങ്ങളുടെ കമ്പനി വർക്കിങ് ഡേ ഒരു ദിവസം ലീവ് എടുത്താൽ വെള്ളിയാഴ്ച കൂടി കട്ടു ചെയ്തു രണ്ടു ദിവസം ആബ്സന്റ് ആക്കുന്നു. ആറു ദിവസം തുടർച്ചയായി ജോലി ചെയ്താലേ വെള്ളിയാഴ്ചത്തെ ശമ്പളം തരൂ എന്നൊരു നിയമം ഉണ്ടോ.
സ്മിത
• ആറുദിവസം തുടർച്ചയായി ജോലി ചെയ്താൽ മാത്രമേ വെള്ളിയാഴ്ചത്തെ ശമ്പളം ലഭിക്കൂ എന്ന വ്യവസ്ഥ തൊഴിൽ നിയമത്തിലില്ല. ഒരുദിവസം അവധി എടുത്താൽ താങ്കളുടെ അർഹതപ്പെട്ട വാർഷിക അവധിയിൽ നിന്നും കുറക്കാവുന്നതാണ്.
ഒരുദിവസത്തെ അവധി എടുത്താൽ രണ്ടുദിവസത്തെ ശമ്പളം പിടിക്കുന്നത് നിയമവിരുദ്ധമാണ്. വെള്ളിയാഴ്ച പൊതു അവധിയാണ്. അത് ഒരു തൊഴിലാളിയുടെ അവകാശമാണ്. താങ്കളുടെ തൊഴിൽ കരാർ പ്രകാരം താങ്കൾക്ക് ശമ്പളം തരുന്നത് മാസത്തിൽ ഒരിക്കലാണെന്ന് കരുതുന്നു. ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നതെങ്കിൽ ജോലി ചെയ്യാത്ത ദിവസത്തെ ശമ്പളം തരണമെന്നില്ല. താങ്കൾക്ക് ഇക്കാര്യത്തിൽ എൽ.എം. ആറിൽ പരാതി നൽകാൻ സാധിക്കും.
? ഞാൻ ഒരു സ്കൂളിലാണ് ജോലി ചെയ്യുന്നത്. ഞങ്ങളുടെ തൊഴിൽ കരാറിൽ അക്കാദമിക് വർഷത്തിന്റെ ഇടയിൽ ജോലി രാജി വെക്കാൻ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഇത് നിയമപരമായി ശരിയാണോ. എനിക്ക് ഒരു മാസത്തെ നോട്ടീസ് നൽകി എന്റെ കരാർ എപ്പോൾ വേണമെങ്കിലും നിയമപ്രകാരം റദ്ദു ചെയ്യാൻ സാധിക്കുമോ?
അനീസ
• തൊഴിൽ നിയമപ്രകാരം ഒരു അനിശ്ചിതകാലത്തേക്കുള്ള തൊഴിൽ കരാർ ഒരുമാസത്തെ നോട്ടീസ് നൽകി തൊഴിലാളിക്ക് റദ്ദുചെയ്യാൻ സാധിക്കും. കത്തിൽനിന്നും മനസ്സിലാകുന്നത് താങ്കളൂടെ തൊഴിൽ കരാർ നിശ്ചിത കാലത്തേക്കുള്ള തൊഴിൽ കരാറാണ് എന്നാണ്. അതായത് ഒരു അക്കാദമിക് വർഷത്തേക്കുള്ള നിശ്ചിത തൊഴിൽ കരാർ. അങ്ങനെയുള്ള കരാർ കാലാവധിക്കുമുമ്പേ റദ്ദുചെയ്യാൻ പാടില്ല.
അഥവാ റദ്ദുചെയ്താൽ കരാർ പ്രകാരം എന്തെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിൽ അത് ആവശ്യപ്പെടാൻ തൊഴിലുടമക്ക് അവകാശമുണ്ട്. അത് തൊഴിലാളി നൽകേണ്ടി വരും. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ എല്ലാ രേഖകളും സഹിതം ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

