‘ഹെൽപ് ഗസ്സ’; രാജ്യവ്യാപക പ്രചാരണത്തിന് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ
text_fieldsഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബുസൈറ്റീനിൽ നടന്ന റാലി
മനാമ: ഗസ്സ മുനമ്പിലെ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കാനായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) കാമ്പയിൻ സംഘടിപ്പിക്കുന്നു. ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപക പ്രചാരണം നടക്കുന്നത്.
മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലായിരിക്കും പ്രചാരണ പരിപാടികൾ. ‘ഹെൽപ് ഗസ്സ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ ഗസ്സയിലെ ഫലസ്തീനികൾക്കാവശ്യമായ പിന്തുണ നൽകുന്നതിന് ബഹ്റൈൻ രാജ്യത്തിലെ ദേശീയ മാനുഷിക ശ്രമങ്ങളെ ഏകീകരിക്കും.
വിവിധ മന്ത്രാലയങ്ങൾ, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ചാരിറ്റബ്ൾ, പ്രഫഷനൽ അസോസിയേഷനുകൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരോട് ദേശീയ മാനുഷിക കാമ്പയിനിലേക്ക് സംഭാവന ചെയ്യാനാണ് അഭ്യർഥന. ജീവകാരുണ്യപരവും മാനുഷികവുമായ പ്രവർത്തനങ്ങളോടുള്ള ബഹ്റൈൻ ജനതയുടെ സ്നേഹത്തിന്റെയും ആത്മാർഥതയുടെയും പ്രതിഫലനമായിരിക്കും കാമ്പയിൻ.
ഫലസ്തീൻ ജനതയുടെ സുരക്ഷിതത്വത്തിനും സമാധാനത്തിനുമുള്ള അവകാശത്തെ രാജ്യം പിന്തുണക്കുമെന്ന് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി അദ്ദേഹം ടെലിഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബുസൈറ്റീനിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ഫലസ്തീൻ ജനതക്കും ഗസ്സക്കും അഭിവാദ്യമർപ്പിച്ച ബാനർ ജനക്കൂട്ടം ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

