ചികിത്സാ സമയത്തെ ശമ്പളം ആരാണ് നൽകേണ്ടത്
text_fields? ഞാൻ ഒരു കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ജൂണിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ എന്റെ കാലിന് പരിക്കേറ്റു. ഇതേത്തുടർന്ന് പ്ലാസ്റ്ററിട്ട് ഒരു മാസവും ഏഴു ദിവസവും കിടപ്പിലായി. പ്ലാസ്റ്റർ ഊരിയശേഷം രണ്ടാഴ്ചക്കാലം ഫിസിയോതെറപ്പി ചെയ്തു. ഈ കാലയളവിൽ ആശുപത്രിയിൽനിന്ന് സിക്ക് ലീവ് വാങ്ങി കമ്പനിയിൽ നൽകി. എന്നാൽ, വിവിധ കാരണങ്ങൾ പറഞ്ഞ് ലീവ് സാലറി നൽകിയില്ല. ഇപ്പോൾ അവർ പറയുന്നത് ഇൻഷുറൻസ് ഉള്ളതിനാൽ ലീവ് സാലറി തരാൻ കഴിയില്ല എന്നാണ്. പ്ലാസ്റ്റർ ഊരിയശേഷമുള്ള ദിവസങ്ങളിൽ ഫിസിയോതെറപ്പിയും വിശ്രമവും ആയിരുന്നെങ്കിലും ചികിത്സ അരമണിക്കൂർ സമയം മാത്രമായിരുന്നതിനാൽ ആ സമയത്തെ സിക്ക് ലീവ് നൽകാൻ കഴിയില്ല എന്നാണ് ആശുപത്രി പറയുന്നത്. ഇപ്പോഴും കാലിന് വേദനയുണ്ടെങ്കിലും ഞാൻ ജോലി തുടരുകയാണ്.
മനാഫ്
•ഗോസി (GOSI) നിയമം അനുസരിച്ച് തൊഴിൽ സ്ഥലത്ത് തൊഴിൽ സംബന്ധമായ അപകടം ഉണ്ടായാൽ ചികിത്സാ സമയത്തെ ശമ്പളം ഗോസിയിൽനിന്ന് ലഭിക്കും. അത് ആശുപത്രിയിൽനിന്ന് ലഭിക്കുന്ന സിക്ക് ലീവിന്റെ അടിസ്ഥാനത്തിലാണ്. ഹോസ്പിറ്റൽ സിക്ക് ലീവ് നൽകിയില്ലെങ്കിൽ രോഗ അവധി ലഭിക്കുകയില്ല. ചികിത്സാ സമയം ഒരു മണിക്കൂറാണെങ്കിൽ ആ സമയം ചികിത്സക്കുവേണ്ടി ആശുപത്രിയിൽ പോകാൻ തൊഴിലുടമ സമ്മതിക്കണം. രോഗ അവധി സമയത്ത് സാധാരണ തൊഴിലുടമ ശമ്പളം നൽകും. എന്നിട്ട് തൊഴിലുടമ ഗോസിയിൽനിന്നും ക്ലെയിം ചെയ്യുകയാണ് ചെയ്യുന്നത്. രോഗ അവധി ബാക്കിയില്ലെങ്കിൽ വാർഷിക അവധിയിൽനിന്നും അവധിയെടുക്കാൻ സാധിക്കും. ഗോസി സംബന്ധമായ കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത് തൊഴിലുടമയാണ്. അപകടത്തിൽ എന്തെങ്കിലും വൈകല്യം ഉണ്ടായാൽ അതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നത് ചികിത്സയെല്ലാം കഴിഞ്ഞിട്ട് മെഡിക്കൽ കമീഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.
?ഞാൻ ഒരു കമ്പനിയിൽ ഏഴു വർഷമായി ജോലി ചെയ്യന്നു സാധാരണ രണ്ടുവർഷമാണ് കോൺട്രാക്ട്. ഇപ്പോൾ പറയുന്നു മൂന്നര വർഷമാണ് കോൺട്രാക്ട് എന്ന്. മൂന്നര വർഷം ആയിട്ട് പോകുമ്പോൾ മാത്രമേ ലീവ് സാലറി കിട്ടുകയുള്ളൂ എന്നും പറയുന്നു. റിട്ടേൺ ടിക്കറ്റും കമ്പനി തരുന്നില്ല. ഞാൻ വന്നിട്ട് രണ്ടുവർഷമായി. എന്നോടുപറയാതെ വിസ 2025വരെ അടിച്ചിട്ടുണ്ട്. ഞാൻ ഇനി എന്തുചെയ്യണം.
അനീഷ്
•വാർഷിക അവധി ലഭിക്കുന്നത് ഓരോ വർഷവുമാണ്. വർഷത്തിൽ 30 ദിവസത്തെ അവധി ലഭിക്കണം. തൊഴിൽ നിയമപ്രകാരം വാർഷിക അവധി എടുത്തില്ലെങ്കിൽ, അല്ലെങ്കിൽ കുറച്ചുദിവസമേ അവധി എടുത്തുള്ളൂവെങ്കിൽ രണ്ടുവർഷം തികയുമ്പോൾ ബാക്കിയുള്ള അവധിക്ക് ലഭിക്കേണ്ട ശമ്പളം തൊഴിലുടമ തൊഴിലാളിക്ക് നൽകണം. അതായത് രണ്ട് വർഷം വരെ അവധി നീട്ടിവെക്കാം. അതുകഴിഞ്ഞാൽ അവധിയെടുക്കണം. അല്ലെങ്കിൽ അവധിക്ക് ലഭിക്കേണ്ട ശമ്പളം നൽകണം. തൊഴിലുടമ പറയുന്ന മറ്റ് കാര്യങ്ങളൊക്കെ നിയമവിരുദ്ധമാണ്. താങ്കൾക്ക് തുടർന്ന് ജോലി ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ തിരികെ പോകണമെങ്കിൽ എൽ.എം.ആർ.എയിൽ പരാതി നൽകണം. എൽ.എം.ആർ.എ അതിനുള്ള പരിഹാരം ഉറപ്പുവരുത്തും. ഒരു തൊഴിൽ വിസ തീരുന്ന സമയത്ത് തൊഴിലുടമ വിസ പുതുക്കാൻ സാധ്യതയുണ്ടെങ്കിൽ ഒരുമാസം മുമ്പേ നോട്ടീസ് നൽകണം. അല്ലെങ്കിൽ എൽ.എം.ആർ.എയിൽ വിസ പുതുക്കുന്നത് തടയാൻ സാധിക്കുന്ന മൊബിലിറ്റി കൊടുക്കണം. ഇത് ചെയ്യാതിരുന്നതുകൊണ്ടാണ് തൊഴിലുടമക്ക് താങ്കളുടെ വിസ പുതുക്കാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

