തൊഴിലാളി മരിച്ചാൽ തൊഴിലുടമ നൽകേണ്ട ആനുകൂല്യങ്ങൾ എന്തെല്ലാം
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? ഞങ്ങളുടെ കമ്പനിയിലെ ഒരു തൊഴിലാളി കഴിഞ്ഞമാസം മരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സെറ്റിൽമെന്റിന്റെ കൂടെ സാധാരണ ലഭിക്കുന്ന ആനുകൂല്യങ്ങൾ കൂടാതെ രണ്ടു മാസത്തെ അധിക ശമ്പളം കൊടുക്കണമെന്ന് ചിലർ പറയുന്നു. തൊഴിൽ നിയമത്തിൽ ഇതുസംബന്ധിച്ച് വ്യവസ്ഥയുണ്ടോ?
- സുധീർ
താങ്കൾ അറിഞ്ഞ കാര്യം ശരിയാണ്. ഇവിടത്തെ തൊഴിൽ നിയമത്തിൽ ഇതുസംബന്ധിച്ച വ്യവസ്ഥയുണ്ട്. ഒരു തൊഴിലാളി ഇവിടെ മരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് സാധാരണ ലഭിക്കുന്ന ആനുകൂല്യങ്ങൾ കൂടാതെ രണ്ടു മാസത്തെ അധിക ശമ്പളം നൽകണം. തൊഴിലാളിയുടെ മരണത്തോടെ തൊഴിൽക്കരാർ റദ്ദാകും. ഈ ആനുകൂല്യം ലഭിക്കാൻ ഒരു വ്യവസ്ഥയുണ്ട്. ആ തൊഴിലുടമയുടെ കൂടെ കുറഞ്ഞത് ഒരു വർഷം തൊഴിൽ ചെയ്തിരിക്കണം.
?എന്റെ തൊഴിൽ കരാർ റദ്ദ് ചെയ്യണമെങ്കിൽ തൊഴിലുടമ മൂന്നു മാസത്തെ നോട്ടീസ് തരണമെന്ന് വ്യവസ്ഥയുണ്ട്. എനിക്ക് ഇപ്പോൾ കമ്പനി മൂന്നു മാസത്തെ നോട്ടീസ് നൽകി. കരാർ റദ്ദു ചെയ്തു. മൂന്നു മാസം ജോലി ചെയ്യാതെ അതിനുള്ള ശമ്പളം തരാമെന്ന് കമ്പനി പറയുന്നു. എന്റെ സംശയം ഈ മൂന്നു മാസം എന്റെ തൊഴിൽ കരാറിന്റെ കാലാവധിയായി കണക്കാക്കുമോ? അതുപോലെ എനിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിയമപ്രകാരവും അല്ലെങ്കിൽ എന്റെ കരാർ പ്രകാരവുമുള്ളവ നോട്ടീസ് കാലാവധി കഴിയുമ്പോൾ വരെയാണോ അതോ നോട്ടീസ് നൽകിയ ദിവസം വരെയാണോ? ഇതിന് വ്യക്തത ലഭിച്ചാൽ നന്നായിരുന്നു
-പ്രകാശ് മോഹൻ
ഇവിടത്തെ തൊഴിൽ നിയമപ്രകാരം താങ്കളുടെ ആനുകൂല്യങ്ങൾ കണക്കാക്കുന്നത് നോട്ടീസിന്റെ കാലാവധി കഴിയുന്ന ദിവസം വരെയാണ്. അല്ലാതെ നോട്ടീസ് നൽകിയ ദിവസം വരെയല്ല. തൊഴിലുടമ നോട്ടീസ് നൽകി കരാർ റദ്ദു ചെയ്യുകയാണെങ്കിൽ നോട്ടീസ് സമയവും തൊഴിൽ കരാറിന്റെ കാലാവധിയായി കണക്കാക്കി അതിന്റെ ആനുകൂല്യങ്ങളും തരണം. അതായത് താങ്കൾക്ക് ജൂൺ ഒന്നാം തീയതി മൂന്നു മാസത്തെ നോട്ടീസ് നൽകിയാൽ താങ്കളുടെ നോട്ടീസ് കാലാവധി കഴിയുന്ന ആഗസ്റ്റ് 31 വരെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണം. അവധി ലീവിങ് ഇൻഡെമിനിറ്റി എന്നിവ. നോട്ടീസ് സമയത്ത് ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയുണ്ട്. കൂടുതലായി അറിയണമെങ്കിൽ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കുക.

