കനത്ത മഴ; ഗലാലിയിൽ റോഡിൽ വെള്ളക്കെട്ട്
text_fieldsകഴിഞ്ഞദിവസം പെയ്ത മഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്
മനാമ: ഗലാലിയിൽ മഴവെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാക്കിയ രണ്ട് പ്രധാന ഡ്രെയിനേജ് പദ്ധതികൾ പരാജയമെന്ന് ആരോപണം. നിർമാണം പൂർത്തിയായി ഒരു വർഷം പോലും തികയുന്നതിന് മുമ്പ്, കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ പ്രദേശം വെള്ളത്തിനടിയിലായതാണ് പ്രതിഷേധത്തിന് കാരണമായത്. മുഹറഖ് മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാനും ഗലാലി കൗൺസിലറുമായ സ്വാലിഹ് ബുഹാസയാണ് പദ്ധതിയുടെ പരാജയത്തെക്കുറിച്ച് പരസ്യമായി രംഗത്തെത്തിയത്. ബ്ലോക്ക് 255 (റോഡ് 5544-വാഹത് അൽ മുഹറഖ്), ബ്ലോക്ക് 254 (റോഡ് 5426) എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ശാസ്ത്രീയമായ പഠനമില്ലാതെയും കൃത്യമായ മേൽനോട്ടമില്ലാതെയും പദ്ധതി നടപ്പാക്കിയതാണ് പരാജയത്തിന് കാരണമെന്നാണ് ആരോപണം.
ഇത്രയധികം തുക ചെലവഴിച്ചിട്ടും മുമ്പ് വെള്ളം കെട്ടിക്കിടന്നിരുന്ന അതേ സ്ഥലങ്ങളിൽ വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് ഗൗരവകരമായ വീഴ്ചയാണെന്നും സ്വാലിഹ് ബുഹാസ പറഞ്ഞു.
വെള്ളക്കെട്ട് ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും സ്വകാര്യ-പൊതു സ്വത്തുക്കൾക്ക് നാശമുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി പരാജയപ്പെടാനുള്ള കാരണം കണ്ടെത്താൻ സ്വതന്ത്രമായ സാങ്കേതിക അന്വേഷണം നടത്തുക, താൽക്കാലിക പരിഹാരങ്ങൾക്ക് പകരം, ശാശ്വതമായി വെള്ളക്കെട്ട് ഒഴിവാക്കാൻ ആവശ്യമായ പുനർനിർമാണം നടത്തുക, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നിയമനടപടി സ്വീകരിക്കുക എന്നിവയും അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനും മുനിസിപ്പൽ കൗൺസിൽ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും ബുഹാസ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

