ബഹ്‌റൈനിൽ കനത്ത മഴ തുടരുന്നു; വ്യാഴാഴ്ച വരെ ജാഗ്രത നിർദേശം, തണുപ്പ് വർധിക്കും
text_fieldsമനാമ: ബഹ്‌റൈനിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന മഴയും ഇടിമിന്നലും വ്യാഴാഴ്ച വൈകീട്ട് വരെ തുടരുമെന്ന് കാലാവസ്ഥ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിൽനിന്ന് കിഴക്കോട്ട് നീങ്ങിയ ന്യൂനമർദമാണ് രാജ്യത്ത് മഴക്കും കാറ്റിനും കാരണമായത്. മണിക്കൂറിൽ 30 നോട്ട്സ് വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ദിവസം 18°C നും 23°C നും ഇടയിലായിരുന്നു താപനില.
വെള്ളിയാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും ശീതതരംഗവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതോടെ താപനില 12°C - 17°C ലേക്ക് താഴ്ന്നേക്കും. മഴയുടെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. വേഗത കുറയ്ക്കുക, വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കുക, ശരിയായ ലൈനിലൂടെ മാത്രം വാഹനമോടിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം സഖീറിലെ ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ വമ്പിച്ച കരിമരുന്ന് പ്രകടനം നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ മഴ തുടരുന്ന സാഹചര്യത്തിൽ പ്രോഗ്രാമിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിലെ ഷെഡ്യൂൾ പ്രകാരം വൈകുന്നേരം ഏഴിനാണ് വെടിക്കെട്ട് നടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

