തോരാതെ മഴപ്പെയ്ത്ത്
text_fieldsനോർതേൺ ഗവർണർ അൽ ലോസി പ്രദേശം സന്ദർശിക്കുന്നു
മനാമ: പതിവ് തെറ്റിക്കാതെയെത്തിയ മഴക്കാലം ആസ്വദിക്കുകയാണ് ബഹ്റൈനിലെ പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾ. വെള്ളിയാഴ്ചയും സാമാന്യം ശക്തമായ രീതിയിൽ മഴ തുടർന്നു. ശനിയാഴ്ചയും ചെറിയതോതിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ശക്തമായി പെയ്തെങ്കിലും കഴിഞ്ഞ വർഷത്തേതുപോലുള്ള വെള്ളക്കെട്ട് ഇത്തവണ ഉണ്ടായില്ലെന്ന ആശ്വാസം ജനങ്ങൾക്കുണ്ട്. കഴിഞ്ഞ വർഷം പലയിടങ്ങളിലും വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു. ഗൃഹോപകരണങ്ങൾക്ക് നാശനഷ്ടം നേരിടുകയും ചെയ്തു. ഇത്തവണ, മഴക്കാലത്തിന് മുമ്പ് തന്നെ മഴവെള്ളച്ചാലുകൾ വൃത്തിയാക്കാൻ അധികൃതർ ശ്രദ്ധിച്ചിരുന്നു.
ബഹ്റൈനിലെ മഴക്കാഴ്ചകൾ ഫോട്ടോ: സത്യൻ പേരാമ്പ്ര
മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിന് അൽ ലോസി പ്രദേശത്ത് നോർതേൺ ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ സന്ദർശനം നടത്തി. ജനങ്ങളും വസ്തുവകകളും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താൻ ആഭ്യന്തര മന്ത്രിയുടെ നിർദേശത്തെത്തുടർന്നായിരുന്നു പരിശോധന. പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഴവെള്ളച്ചാലുകളിൽനിന്ന് വെള്ളം പമ്പ് ചെയ്ത് കടലിലേക്കൊഴുക്കാൻ ശേഷികൂടി പമ്പ്സെറ്റ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് റാഷിദ് ഇക്വെസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസ് ക്ലബിലെ കഴിഞ്ഞ ദിവസത്തെ മത്സരങ്ങൾ റദ്ദാക്കി. വെള്ളിയാഴ്ച ഉയർന്ന താപനില 17 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

