തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

  • ഓരോ സ്ഥാപനങ്ങളും തങ്ങളുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് ഉഷ്ണ കാല രോഗങ്ങളെക്കുറിച്ചും ചൂട് സമയത്ത് തൊഴിലെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തണമെന്നും മന്ത്രി ഉണര്‍ത്തി 

08:14 AM
23/06/2019

മനാമ: ഉഷ്ണ കാലത്തിലേക്ക് രാജ്യം പ്രവേശിച്ച സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ വേഗത്തിലാക്കാന്‍ തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. ഉഷ്ണ കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും തൊഴിലിടങ്ങളിലെ അപകടങ്ങള്‍ കുറക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. തൊഴിലിടങ്ങളിലെ സുരക്ഷ അതീവ പ്രാധാന്യത്തോടെയാണ് ബഹ്റൈന്‍ പരിഗണിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുകയും മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഈര്‍പ്പം കൂടുകയും ചെയ്യുന്നത് ശരീരത്തില്‍ എളുപ്പം ജലനഷ്​ടത്തിന് കാരണമാകും. ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നതി​​െൻറ അറിയിപ്പ് ഉടനെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഉച്ചക്ക് 12 മുതല്‍ വൈകിട്ട് നാല് വരെയാണ് ഉച്ച വിശ്രമ സമയം. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നതിന് നിരോധമുണ്ട്. നിയമം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് പരിശോധിക്കാന്‍ പരിശോധനകള്‍ ഏര്‍പ്പെടുത്തും. തൊഴിലാളികള്‍ക്ക് സുരക്ഷിത തൊഴിലിടങ്ങള്‍ ഉറപ്പുവരുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണ്. ഈ രംഗത്ത് ബഹ്റൈന്‍ കൈവരിച്ച നേട്ടം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഓരോ സ്ഥാപനങ്ങളും തങ്ങളുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് ഉഷ്ണ കാല രോഗങ്ങളെക്കുറിച്ചും ചൂട് സമയത്ത് തൊഴിലെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തണമെന്നും മന്ത്രി ഉണര്‍ത്തി. തൊഴിലിടങ്ങളില്‍ ചൂടി​​െൻറ കാഠിന്യം കുറക്കുന്നതിനുള്ള വഴികളും ആരായേണ്ടതുണ്ട്. തൊഴിലാളികളുടെ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാന്‍ ഉച്ച വിശ്രമ നിയമം കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിക്ക കമ്പനികളും നിയമം പാലിക്കുന്നതില്‍ മുന്‍പന്തിയിലാണെന്നത് സന്തോഷകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.    

Loading...
COMMENTS