ബഹ്റൈൻ ക്രിക്കറ്റ് താരങ്ങൾക്ക് ഹൃദയപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്), ബഹ്‌റൈൻ ഹാർട്ട് സേവർ ഗ്രൂപ്പുമായി സഹകരിച്ച് കളിക്കാർക്കും ഉദ്യോഗസ്ഥർക്കുമായി സമഗ്രമായ കാർഡിയാക് സ്ക്രീനിംഗും കൺസൾട്ടേഷൻ ക്യാമ്പും സംഘടിപ്പിച്ചു. അദ്‌ലിയയിലെ ബി.സി.എഫ് ഓഫീസിൽ നടന്ന ക്യാമ്പിൽ താരങ്ങളുടെ ആരോഗ്യവും കായികക്ഷമതയും ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ പരിശോധനകൾ നടന്നു.
ക്രിക്കറ്റ് താരങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ബി.സി.എഫ് നൽകുന്ന മുൻഗണനയുടെ ഭാഗമായാണ് ഈ സംരംഭം. വനിതാ ടീം, പുരുഷ ടീം, എമർജിംഗ് ടീം, ബഹ്‌റൈനി ടീം, യൂത്ത് ടീം എന്നിവരടക്കം 20 സ്ത്രീകളും 48 പുരുഷന്മാരും ഉൾപ്പെടെ ആകെ 68 പേർ ക്യാമ്പിൽ പങ്കെടുത്തു. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. പങ്കെടുത്ത ഭൂരിഭാഗം പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പരിശോധനയിൽ വ്യക്തമായി. ചിലർക്ക് തുടർനിരീക്ഷണത്തിനും പ്രതിരോധ മുൻകരുതലുകൾക്കുമുള്ള നിർദ്ദേശങ്ങൾ നൽകി.
ഇത്തരം ആരോഗ്യ ക്യാമ്പുകൾ കളിക്കാരുടെ ക്ഷേമത്തിനും ദീർഘകാല കായിക വികസനത്തിനും അത്യന്താപേക്ഷിതമാണെന്ന് ബി.സി.എഫ് അഡൈ്വസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ പറഞ്ഞു. ക്യാമ്പ് വിജയകരമാക്കാൻ സഹകരിച്ച ഡോക്ടർമാർക്കും ആശുപത്രികൾക്കും വോളന്റിയർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു. ബഹ്‌റൈനിൽ സുരക്ഷിതവും പ്രൊഫഷണലുമായ ഒരു ക്രിക്കറ്റ് സാഹചര്യം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

