പ്രവാസികൾക്കായുള്ള ആരോഗ്യ സേവന നിരക്കുകൾ ഒക്ടോബർ 31 മുതൽ നടപ്പിലാക്കും- ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
text_fieldsമനാമ: ബഹ്റൈനിലെ സർക്കാർ ആശുപത്രികളിൽ രാജ്യത്തെ താമസക്കാരായ പ്രവാസികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ പുതിയ നിരക്കുകൾ ഒക്ടോബർ 31 മുതൽ നടപ്പിലാക്കാൻ സജ്ജമായതായി സർക്കാർ ആശുപത്രികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മറിയം അൽ ജലഹ്മ അറിയിച്ചു. ഹെൽത്ത് ഇൻഷുറൻസ് നിയമം പുറപ്പെടുവിച്ചതിനെത്തുടർന്ന് ഇതിനായുള്ള സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയും സേവനങ്ങളുടെ ചെലവ് നിശ്ചയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീം കൗൺസിൽ ഫോർ ഹെൽത്തിന്റെ നിരക്കുകൾ സംബന്ധിച്ച നിർദ്ദേശം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുകയായിരുന്നു.
ഈ പുതിയ നിരക്കുകൾ വർദ്ധിപ്പിച്ച ആരോഗ്യ ഫീസല്ലെന്നും, മറിച്ച് നൽകുന്ന സേവനങ്ങൾക്കായി വരുന്ന യഥാർത്ഥ ചെലവ് മാത്രമാണെന്നും ഡോ. മറിയം അൽ ജലഹ്മ വ്യക്തമാക്കി.
കൺസൾട്ടേഷനുകൾ, ലബോറട്ടറി, റേഡിയോളജി പരിശോധനകൾ എന്നിവയ്ക്കായി മുൻപ് നിശ്ചയിച്ച നിരക്കുകളിൽ മാറ്റം വന്നിട്ടുള്ളതിനാൽ കാലാനുസൃതമായ ക്രമീകരണമാണ് വരുത്തിയിരിക്കുന്നത്. സർക്കാർ ആശുപത്രികൾ ലാഭമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യ സേവന വിതരണം കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വിലകളിലുണ്ടായ ഈ മാറ്റം ബഹ്റൈനിലെ പ്രവാസികൾക്ക് ബാധകമാണെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഇൻഷുറൻസ് സംവിധാനം പൂർണ്ണമായി വികസിക്കുന്നത് വരെ വീട്ടുജോലിക്കാർക്ക് പഴയ നിരക്കുകൾ തന്നെ തുടരും. പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാൻ ഈ പദ്ധതി സഹായിക്കും.
അതേസമയം, ആരോഗ്യ ഇൻഷുറൻസ് പ്രോഗ്രാം അവലോകനം ചെയ്യുന്നതിനും അത് നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനുമായി സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത്, ബഹ്റൈൻ ഇൻഷുറൻസ് അസോസിയേഷന്റെയും വിവിധ ഇൻഷുറൻസ് കമ്പനികളുടെയും പ്രതിനിധികളുമായി പ്രത്യേക യോഗം ചേർന്നതായി സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് സെക്രട്ടറി ജനറൽ ഡോ. ഇബ്രാഹിം അലി അൽ നവാഖ്ദ അറിയിച്ചു.

