ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത്; സർക്കാർ ആശുപത്രികളിൽ എത്തിയത് 12 ലക്ഷം പേർ
text_fieldsമനാമ: 2025ൽ ബഹ്റൈനിലെ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായി 1.2 ദശലക്ഷം രോഗികൾ എത്തിയതായി ആരോഗ്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. എം.പി ജലീല അൽ സയ്യിദിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്.
സർക്കാർ ആശുപത്രികളിലെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലും വിവിധ വിഭാഗങ്ങളിലുമായി 5,38,308 സന്ദർശനങ്ങൾ രേഖപ്പെടുത്തി. 2025 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഹെൽത്ത് സെന്ററുകളിൽ 7,07,651 പേർ ചികിത്സ തേടിയിട്ടുണ്ട്. രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ എല്ലാ മെഡിക്കൽ തസ്തികകളിലും 100 ശതമാനം സ്വദേശിവത്കരണം പൂർത്തിയായതായും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ ജോലി ചെയ്യുന്ന 584 ഡോക്ടർമാരിൽ 473 പേരും വനിതകളാണ്. ആശുപത്രികളിൽ നിലവിൽ 191 കൺസൾട്ടന്റുമാരും 323 സ്പെഷലിസ്റ്റ് ഡോക്ടർമാരും 211 ട്രെയിനികളും സേവനമനുഷ്ഠിക്കുന്നുണ്ട്. 2024-25 കാലയളവിൽ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ 207 ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകി. ബാക്കിയുള്ളവരുടെ പ്രമോഷൻ നടപടികൾ 2026 തുടക്കത്തോടെ പൂർത്തിയാകും. ഹിദ്ദിലെ ബഹ്റൈൻ-കുവൈത്ത് ഹെൽത്ത് സെന്ററിലാണ് ഏറ്റവും കൂടുതൽ ജനറൽ മെഡിസിൻ ക്ലിനിക്കുകൾ ഉള്ളത്.
തൊട്ടുപിന്നാലെ യൂസുഫ് അബ്ദുറഹ്മാൻ എൻജിനീയർ ഹെൽത്ത് സെന്ററിൽ 26 ക്ലിനിക്കുകളുണ്ട്. ആകെ 27 ഹെൽത്ത് സെന്ററുകളിലും ഒരു കോസ്റ്റൽ ക്ലിനിക്കിലുമായി സേവനം ലഭ്യമാണ്.പുതിയ ആരോഗ്യ ഇൻഷുറൻസ് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ ആവശ്യകത മന്ത്രാലയം നിരന്തരം വിലയിരുത്തുന്നുണ്ട്. സ്പെഷാലിറ്റി ട്രെയിനിങ് പ്രോഗ്രാമുകളിലൂടെ കൂടുതൽ വിദഗ്ധരായ ഡോക്ടർമാരെ വാർത്തെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
88 ശതമാനം ഡോക്ടർമാരും സ്വദേശികൾ; ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം ശക്തം
മനാമ: രാജ്യത്തെ സർക്കാർ ആശുപത്രികളിൽ സ്വദേശി ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുമായി രാജ്യം മുന്നോട്ട്. നിലവിൽ സർക്കാർ ആശുപത്രികളിലെ ആകെയുള്ള 726 ഡോക്ടർമാരിൽ 637 പേരും പൗരന്മാരാണെന്ന് ആരോഗ്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽനബി സൽമാന് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഈ വിവരങ്ങൾ വ്യക്തമാക്കിയത്.
രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഇതിനകം തന്നെ 100 ശതമാനം സ്വദേശിവത്കരണം കൈവരിച്ചുകഴിഞ്ഞു. കൂടുതൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ വാർത്തെടുക്കുന്നതിനായി രാജ്യത്തെ ഡോക്ടർമാരെ വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനും ഫെലോഷിപ്പിനും അയക്കുന്നുണ്ട്.
യോഗ്യരായ സ്വദേശി ഡോക്ടർമാർ ലഭ്യമല്ലാത്ത അപൂർവം മേഖലകളിൽ മാത്രമാണ് നിലവിൽ വിദേശികളെ നിയമിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലും ബഹ്റൈനി ഡോക്ടർമാരുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി തംകീനുമായി ചേർന്ന് മന്ത്രാലയം വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഡോക്ടർമാരുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം വഹിക്കുമെന്നും കരിയർ വികസനത്തിനായി 30,000 ദീനാർ വരെ വായ്പ അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

