നാറ്റോയുമായി സഹകരണം മെച്ചപ്പെടുത്താൻ താൽപര്യമറിയിച്ച് ബഹ്റൈൻ
text_fieldsമനാമ: നാറ്റോ സഖ്യവുമായി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സന്നദ്ധത അറിയിച്ച് ബഹ്റൈൻ. ബ്രസൽസിൽ നാറ്റോ മിഡിൽ ഇൗസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക വിഭാഗം മേധാവി ജിയോവാനി റൊമാനിയുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള അണ്ടർസെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്താൻബുൾ സഹകരണ പദ്ധതിയുടെ ചട്ടക്കൂടിനുള്ളിൽനിന്ന് നാറ്റോയുമായി പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള താൽപര്യം അദ്ദേഹം പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ നാറ്റോ സഖ്യം നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനും നാറ്റോ സഖ്യവും തമ്മിലുള്ള സഹകരണത്തിെൻറ രണ്ട് മുൻ പതിപ്പുകളുടെ ഗുണഫലങ്ങൾ അദ്ദേഹം എടുത്തുകാട്ടി. രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ രംഗങ്ങളിലെ സഹകരണത്തിനായിരുന്നു ഇതിൽ ഉൗന്നൽ. 2021-2023 വർഷങ്ങളിലെ മൂന്നാം ഘട്ട സഹകരണ പദ്ധതിയിൽ കാര്യക്ഷമതാ വർധനക്കും പ്രത്യേക പരിശീലന പരിപാടികൾക്കുമാണ് മുൻഗണന നൽകുക.
സഖ്യകക്ഷികളുമായി ചേർന്ന് ഭീകരവാദം നേരിടുന്നതിന് ബഹ്റൈൻ നടത്തുന്ന ശ്രമങ്ങൾ അണ്ടർസെക്രട്ടറി എടുത്തുപറഞ്ഞു. നിരന്തര കൂടിയാലോചനകൾ ഇരുഭാഗങ്ങളും തമ്മിൽ ഫലപ്രദവും സുസ്ഥിരവുമായ സുരക്ഷ സഹകരണം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലും അന്താരാഷ്ട്ര തലത്തിലും സമാധാനം ഉറപ്പുവരുത്താൻ ബഹ്റൈൻ നടത്തുന്ന ശ്രമങ്ങളെ റൊമാനി പ്രശംസിച്ചു. സുരക്ഷാ, പ്രതിരോധ കാര്യങ്ങളിൽ ബഹ്റൈനുമായി സഹകരിക്കാനുള്ള താൽപര്യവും അദ്ദേഹം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.