പൈതൃക സ്മരണകൾ ഉണർത്തുന്ന ഹയ്യാ ബയ്യാ
text_fieldsമനാമ: ബലിപെരുന്നാളിനോടനുബന്ധിച്ചു നടക്കുന്ന ബഹ്റൈന്റെ പരമ്പരാഗത ആഘോഷങ്ങളിലൊന്നായ ഹയ്യാ ബയ്യാ ദിയാർ അൽ മുഹറഖിലെ മറാസി ഗലേറിയയിൽ വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ 6.30 വരെ നടക്കും.
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക)യുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ബഹ്റൈനിന്റെ സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്ന പരിപാടികളായ അൽ ഹിദ്ദ് ബാൻഡ് അവതരിപ്പിക്കുന്ന നാടോടി കലാപരിപാടികൾ, കഥപറച്ചിൽ ശിൽപശാല, എന്നിവയും ‘ഹയ്യാ ബയ്യാ യോടനുബന്ധിച്ചു നടക്കും. പരിപാടിയിൽ എല്ലാ കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതായി ബാക്ക അറിയിച്ചു. കർബാബാദ്, ടൂബ്ലി, അറാദ് ഫോർട്ട്, ബാർബർ, നുരാന, ബുസൈതീൻ എന്നിവിടങ്ങളിലും ആഘോഷ പരിപാടികൾ നടക്കാറുണ്ട്.
കുടുംബങ്ങൾക്കിടയിലും അയൽവാസികൾക്കിടയിലും ബന്ധങ്ങളുടെ ഇഴയടുപ്പം വർധിപ്പിക്കുന്നുവെന്നത് ഈ ആഘോഷത്തിന്റെ ഒരു പ്രത്യേകതയാണ്. ഇത്തരം പൈതൃകങ്ങളെ നിലനിർത്തുകയെന്ന ഉദ്ദേശ്യത്തിൽ ഗവർണറേറ്റുളുടേയും മുനിസിപ്പാലിറ്റികളുടേയും നേതൃത്വത്തിൽ വിപുലമായ രീതിയില്‍ ഹയ്യാ ബയ്യാ ആഘോഷിക്കുന്നുണ്ട്. ബഹ്റൈനിനു പുറമെ ഇതര ഗൾഫ് രാജ്യങ്ങളിലും ഏറക്കുറെ സമാനമായ രീതിയിൽ ഇത്തരം ആഘോഷമുണ്ട്.
ഹജ്ജ് മാസമായ ദുല്‍ഹജ്ജ് ഒന്നിന് തന്നെ തങ്ങളുടെ വീട്ടുപരിസരങ്ങളില്‍ കുട്ടികള്‍ പ്രത്യേകം തയാറാക്കിയ ചെടിച്ചട്ടികളില്‍ ചെറിയ ചെടികള്‍ നട്ടുപിടിപ്പിക്കും. ഓരോ ദിവസവും ഇതിനു വെള്ളവും വളവും നല്കി പരിചരിക്കുകയും താലോലിക്കുകയും ചെയ്യും.
പെരുന്നാൾ ദിനം വൈകുന്നേരം ഈ ചെടികളുമായി കുട്ടികള്‍ വിവിധ വര്‍ണങ്ങളിലുള്ള മനോഹരമായ ബഹ്റൈൻ പാരമ്പര്യ വസ്ത്രങ്ങള്‍ അണിഞ്ഞ് കടല്‍ത്തീരത്തേക്ക് ഘോഷയാത്രയായി പുറപ്പെടും. കൂടെ മുതിര്‍ന്നവരും അവരുടെ സഹായികളായി ഉണ്ടാവും. കടല്‍ത്തീരത്തുള്ള ഉയര്‍ന്ന പ്രദേശത്ത് കയറിനിന്ന് അവിടെ നിന്നും ‘ഹയ്യാ ബയ്യാ റാഹത് ഹയ്യാ ബയ്യാത് ഹയ്യാ...’ എന്ന് തുടങ്ങുന്ന ഗാനം ഇവര്‍ സംഘമായി ആലപിക്കും.
പാട്ടു പാടുന്നതിനിടയില്തന്നെ തങ്ങളുടെ കൈയിലുള്ള ഈ ചെടികള്‍ ഇവര്‍ ഓരോരുത്തരായി കടലിലേക്കൊഴുക്കും. പ്രാർഥനക്കുശേഷം വീടുകളിലേക്ക് എല്ലാവരും തിരിച്ചുപോകും. ഇതാണ് ഹയ്യാ ബയ്യാ ആഘോഷത്തിന്റെ രീതി. വിവിധ സർക്കാർ ഏജൻസികളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആഘോഷങ്ങളിൽ എല്ലാവർക്കും പങ്കെടുക്കാം. ചില സ്കൂളുകൾ വിദ്യാർഥികളെ ഒരുമിച്ച് ആഘോഷ പരിപാടികൾക്കെത്തിക്കാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

