Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൈതൃക പെരുമയുമായി 'ഹയ ബയ' ആഘോഷം തിങ്കളാഴ്ച

text_fields
bookmark_border
വൈകീട്ട് 4.30 മുതൽ മുഹറഖിലെ ഖൽ അത് ബു മാഹിർ കടൽത്തീരത്താണ് ആഘോഷം
പൈതൃക പെരുമയുമായി ഹയ ബയ ആഘോഷം തിങ്കളാഴ്ച
cancel

മനാമ: ബഹ്‌റൈന്റെ പൈതൃകം വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ ‘ഹയ ബയ’ ആഘോഷം തിങ്കളാഴ്ച നടക്കും. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക കൂട്ടായ്മ വൈകുന്നേരം 4.30ന് മുഹറഖിലെ ഖൽ അത് ബു മാഹിർ കടൽത്തീരത്താണ് അരങ്ങേറുന്നത്. പരമ്പരാഗത സംഗീതം, നാടോടിക്കഥകൾ, പ്രകൃതിയുമായി ഇണങ്ങിചേർന്നുള്ള വിവിധ പരിപാടികൾ എന്നിവ കോർത്തിണക്കിക്കൊണ്ടാണ് കുടുംബങ്ങൾക്കായി ഈ സംഗമം ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈനി സ്വത്വത്തിന്റെ ഭാഗമായ ജനപ്രിയ പാരമ്പര്യങ്ങളെ വരുംതലമുറയ്ക്കായി പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ബഹ്‌റൈനിന്റെ സമ്പന്നമായ കഥകളും ആചാരങ്ങളും ഓർമ്മിപ്പിക്കുന്ന പൈതൃക സായാഹ്നത്തോടെയാണ് പരിപാടികൾ ആരംഭിക്കുക. പ്രശസ്ത കഥാകാരൻ ബാബ യാസീൻ നയിക്കുന്ന സാംസ്കാരിക കഥപറച്ചിൽ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. കടലും പ്രാദേശിക പരിസ്ഥിതിയുമായുള്ള ബഹ്‌റൈൻ ജനതയുടെ ചരിത്രപരമായ ബന്ധം വ്യക്തമാക്കുന്ന പ്രതീകാത്മക കഥകളാണ് അദ്ദേഹം പങ്കുവെക്കുക. സാംസ്കാരിക സ്വത്വം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പരിസ്ഥിതി അവബോധവും വളർത്തുന്ന വിവിധ സെഷനുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും. കൂടാതെ, അറഫാ ദിനത്തിന്റെയും ബലിപെരുന്നാളിന്‍റെയും ആത്മീയവും സാമൂഹികവുമായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പരിപാടികളും ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈകുന്നേരം 5.30ന് പൈതൃക യാത്ര ആരംഭിക്കും. കടൽത്തീരത്തുകൂടി നാടോടി പാട്ടുകളും ഈണങ്ങളും പാടിയുള്ള ഈ യാത്ര കുട്ടികൾക്കും കുടുംബങ്ങൾക്കും ബഹ്‌റൈന്റെ യഥാർത്ഥ പൈതൃകത്തെ അടുത്തറിയാൻ സാധിക്കുന്ന മികച്ചൊരു അനുഭവമായിരിക്കും. രാജ്യത്തിന്റെ ദേശീയ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമായ നാടോടി ആചാരങ്ങളിലേക്ക് യുവതലമുറയെ അടുപ്പിക്കുന്നതിനും ബഹ്‌റൈൻ പൈതൃകത്തിന്റെ ആഴവും സൗന്ദര്യവും വിളിച്ചോതുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Haya Baya' celebration with heritage significance on Monday
Next Story