നാട്ടുത്സവത്തിന് കോട്ടം വരുത്തുന്ന വിദ്വേഷ രാഷ്ട്രീയം
text_fieldsആദ്യമായി ഞാൻ ആനയെ കാണുന്നത് എന്റെ ഗ്രാമത്തിലെ ഒരു തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായാണെന്നാണ് ഓർമ. വിജയിച്ച സ്ഥാനാർഥികളെ ആനപ്പുറത്ത് കയറ്റി ഘോഷയാത്ര നടത്തുന്നത് പലയിടത്തും പതിവാണല്ലോ. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ നാട്ടിലെ എല്ലാവരെയും ദിനേന എന്നോണം കാണുകയും നല്ല വ്യക്തിബന്ധം സ്ഥാപിക്കുകയും ചെയ്തവരായിരിക്കും. കക്ഷിരാഷ്ട്രീയ ചിന്തകൾക്കപ്പുറം ആഴത്തിൽ വേരുള്ള സൗഹൃദത്തിന് കോട്ടം വരുത്തുന്ന ഒന്നും ഈ നാട്ടുത്സവ കാലത്ത് സംഭവിച്ചുകൂടാ.
നിർഭാഗ്യവശാൽ, അപരന്മാരും വിമതന്മാരും അരങ്ങ് തകർക്കുന്ന ഈ തെരഞ്ഞെടുപ്പിൽ ഒരേ ഗ്രാമത്തിലെ ജനങ്ങൾ തമ്മിൽ വെറുപ്പിലും വിദ്വേഷത്തിലും ആവുന്നത് സാക്ഷര-സാംസ്കാരികകേരളത്തിന് എത്രമാത്രം അപമാനകരമാണ്. എതിർ സ്ഥാനാർഥിയെ വ്യക്തിപരമായി ആക്ഷേപിക്കുക, സോഷ്യൽ മീഡിയയിലൂടെ വിഷലിപ്തമായ കാര്യങ്ങൾ പ്രചരിപ്പിക്കുക, പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുക തുടങ്ങി ഒട്ടേറെ അനാരോഗ്യകരമായ പ്രവണതകൾ ഈ തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിലെ പലയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു പ്രചാരണ ബാനർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നം എന്റെ വാർഡിലും നടക്കുന്ന വിവരം അറിഞ്ഞതിലുള്ള നിരാശയിലാണ് ഇങ്ങനെ എഴുതേണ്ടിവന്നത്.
മുന്നണിരാഷ്ട്രീയ കാര്യങ്ങൾക്കും ദേശീയ-അന്തർദേശീയ വിഷയങ്ങൾക്കുമപ്പുറം ഈ തെരഞ്ഞെടുപ്പിൽ വിഷയം ആകേണ്ടത് റോഡ്, പാലം, കൃഷി, കുടിവെള്ളം, തെരുവ് വിളക്ക് തുടങ്ങിയ പ്രാദേശിക വിഷയങ്ങളാണല്ലോ. അത് അങ്ങനെ തന്നെയാകുന്നു എന്ന് ഉറപ്പിക്കാൻ പൊതുജനത്തിന് നല്ല ജാഗ്രത ഉണ്ടാവണം. കക്ഷിരാഷ്ട്രീയ കടുംപിടിത്തങ്ങൾക്കപ്പുറം, സ്വന്തം നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഊർജസ്വലമായി പ്രവർത്തിക്കാൻ കഴിയുന്നവർ തെരഞ്ഞെടുക്കപ്പെടട്ടെ. മുൻകാലത്തെ അപേക്ഷിച്ച് മത്സരരംഗത്ത് കൂടുതൽ യുവാക്കളുടെ സാന്നിധ്യമുള്ളത് ആശാവഹമാണ്. എന്നാൽ, ഞങ്ങളുടെയൊക്കെ പ്രദേശത്തെ യാഥാർഥ്യം അറിഞ്ഞുകൊണ്ടുള്ള ഒരു കാര്യം കൂടി ഇവിടെ ചേർക്കട്ടെ. സ്ത്രീസംവരണ സീറ്റിൽ മത്സരിക്കാൻ താൽപര്യമുള്ളവരെ വാർഡുകളിൽ കണ്ടെത്താൻ നന്നേ പ്രയാസപ്പെട്ട മുന്നണികൾ ഉണ്ട്. അവസാനം നിർബന്ധത്തിന് വഴങ്ങി മത്സരരംഗത്തേക്ക് എടുത്തെറിയപ്പെട്ടവരാണ് പല സഹോദരിമാരും. അമ്പത് ശതമാനം സ്ത്രീ സംവരണം അൽപം കൂടി പോയോ എന്ന് തന്നെയാണ് ചോദ്യം. സ്ത്രീ സംവരണത്തിന്റെ പേരിൽ കഴിവും പ്രാപ്തിയുമുള്ള പല യുവാക്കൾക്കും ബെഞ്ചിൽ തന്നെ ഇരിക്കേണ്ടിവരുന്നത് നാടിന്റെ പുരോഗതിയെക്കൂടി ബാധിക്കുന്ന വിഷയമല്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

