ഹാങ്ചോ ഏഷ്യൻ ഗെയിംസ്; നാല് സ്വർണവുമായി ബഹ്റൈൻ കുതിക്കുന്നു
text_fieldsബിർഹാനു ബാല്യൂ, യാവി വിൻഫ്രെഡ്
മനാമ: ചൈനയിലെ ഹാങ്ചോവിൽ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ നാല് സ്വർണം കൈപ്പിടിയിലൊതുക്കി ബഹ്റൈൻ കുതിക്കുന്നു. ഞായറാഴ്ച നടന്ന വനിതകളുടെ 1500 മീറ്ററിൽ യാവി വിൻഫ്രെഡ് മുടിൽ ആണ് ബഹ്റൈനുവേണ്ടി സ്വർണമണിഞ്ഞത്. 40.11.65 സെക്കൻഡിലാണ് യാവി വിൻഫ്രെഡ് ഓട്ടം പൂർത്തിയാക്കിയത്. ഈ ഇനത്തിൽ ഇന്ത്യയുടെ ബെയ്ൻസ് ഹാർമിലാനാണ് വെള്ളി.
ബഹ്റൈനിന്റെതന്നെ യോട്ട മാർത്ത വെങ്കലം നേടി. വനിതകളുടെ 10,000 മീറ്ററിൽ വിയോല ജെപ്ചുംബയാണ് ബഹ്റൈനുവേണ്ടി ആദ്യ സ്വർണം നേടിയത്. ശനിയാഴ്ച നടന്ന വനിതകളുടെ 400 മീ. ഓട്ടത്തിൽ കെമിഅദികോയ മുജിദത് സ്വർണം നേടിയിരുന്നു. പുരുഷന്മാരുടെ 10,000 മീറ്ററിൽ ബിർഹാനു ബാല്യൂ യെമാത്വ സ്വർണം നേടി. നാല് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം ബഹ്റൈന് എട്ട് മെഡലാണുള്ളത്.
ഈ നേട്ടത്തോടെ ബഹ്റൈൻ മെഡൽ പട്ടികയിൽ 11ാം സ്ഥാനത്തേക്കുയർന്നു. വനിതകളുടെ 100 മീറ്ററിൽ ഹജർ അൽ ഖാലിദിക്ക് വെങ്കലം നേടി. 11:35 സെക്കൻഡാണ് ഹജറിന്റെ സമയം.
ഈയിനത്തിൽ ചൈനയുടെ ഗേ മാൻക്വി സ്വർണം നേടി.
ബുഡാപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വിൻഫ്രെഡ് യാവി ചാമ്പ്യനായിരുന്നു.

