മനാമ: കോവിഡ് രോഗികൾ ഏറുന്നതിനാൽ ഇന്ത്യയിലേക്ക് കൂടുതൽ ഒാക്സിജൻ സിലിണ്ടറുകൾ അയക്കാനുള്ള ദൗത്യം ഏറ്റെടുത്ത് പ്രവാസി സംഘടനകൾ. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിലാണ് ഇതിന് ശ്രമം നടക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒാക്സിജൻ സിലിണ്ടറുകളും കോൺസൻട്രേറ്ററുകളും അയക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ എംബസി.
ബഹ്റൈൻ സർക്കാർ ഇന്ത്യക്ക് സംഭാവന ചെയ്ത 40 മെട്രിക് ടൺ ദ്രവീകൃത ഒാക്സിജൻ ബുധനാഴ്ച മംഗളൂരു തുറമുഖത്ത് എത്തിയിരുന്നു. കൂടുതൽ ഒാക്സിജൻ ആവശ്യമുള്ള സാഹചര്യത്തിലാണ് സംഘടനകൾ മുഖേന നീക്കം ആരംഭിച്ചത്. ഒാക്സിജൻ സിലിണ്ടറുകൾക്കുള്ള വിഭവ സമാഹരണം ബഹ്റൈൻ കേരളീയ സമാജം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. 200ഒാളം സിലിണ്ടറുകൾക്കുള്ള വാഗ്ദാനം ലഭിച്ചതായി സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. ഒാക്സിജൻ സിലിണ്ടറുകൾ ഇന്ത്യയിലേക്ക് അയക്കുന്നതിന് എംബസിയുമായി സഹകരിക്കാൻ സമാജം ഉൾപ്പെടെ 12ഒാളം സംഘടനകളാണ് മുന്നോട്ടുവന്നത്.
ഒാക്സിജൻ, ഒാക്സിജൻ സിലിണ്ടർ, ഒാക്സിജൻ കോൺസൻട്രേറ്റർ, മരുന്ന് എന്നിവയാണ് ഇന്ത്യയിലേക്ക് അത്യാവശ്യം. എന്നാൽ, ബഹ്റൈനിൽ ലഭ്യം ഒാക്സിജൻ സിലിണ്ടറുകളും ഒാക്സിജൻ കോൺസൻട്രേറ്ററുകളുമാണ്. അതിനാൽ ഇതു രണ്ടും അയക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിസന്ധി ഘട്ടത്തിൽ മാതൃരാജ്യത്തെ സഹായിക്കാനുള്ള ചുമതല ആവേശത്തോടെയാണ് സംഘടനകൾ ഏറ്റെടുത്തത്. പ്രവാസികളുടെ ഒത്തൊരുമിച്ച പ്രവർത്തനത്തിലൂടെ ഇന്ത്യക്ക് കൂടുതൽ ആശ്വാസം എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘടനകൾ.