ഹനാൻ ഷാ ആദ്യമായി ബഹ്റൈനിൽ; ഐ.വൈ.സി.സി ബഹ്റൈൻ- ‘യൂത്ത് ഫെസ്റ്റ് 2025’ ജൂൺ 27ന്
text_fieldsഐ.വൈ.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന കൂട്ടായ്മ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ (ഐ.വൈ.സി.സി -ബഹ്റൈൻ) പത്താമത് യൂത്ത് ഫെസ്റ്റ് ജൂൺ 27 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 2013 മാർച്ച് 15ന് രൂപംകൊണ്ട സംഘടന ഗൾഫ് മേഖലയിലും നാട്ടിലും ജീവ കാരുണ്യ, ആതുര, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമാണ്.
ജൂൺ 27നു നടക്കുന്ന പരിപാടിയിൽ കേരളത്തിൽനിന്നുള്ള യുവഗായകൻ ഹനാൻ ഷാ യുടെ സംഗീതനിശ പരിപാടിക്ക് മാറ്റുകൂട്ടും. ബഹ്റൈനിലെ പ്രമുഖ കലാകാരന്മാരുടെ കലാ പരിപാടികളും സാംസ്കാരിക സദസ്സും നടക്കും. കേരളത്തിൽനിന്നും യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ധീര രക്തസാക്ഷി ഷുഹൈബിന്റെ പേരിൽ ഏർപ്പെടുത്തിയ ഷുഹൈബ് മിത്ര പുരസ്കാരം വേദിയിൽ വെച്ച് ഗൾഫ് മേഖലയിലെ മികച്ച സാമൂഹിക പ്രവർത്തകന് സമ്മാനിക്കും.
അവർഡിന് അർഹനായ വ്യക്തിയെ ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി കലാജാഥ സംഘടിപ്പിക്കും. യുവജനങ്ങളെ വിഴുങ്ങുന്ന ലഹരിക്ക് എതിരെയുള്ള ബോധവത്കരണവും അതിനെതിരെയുള്ള അവബോധവും സൃഷ്ടിക്കുന്നതിനായി ലഘുനാടകം കലാജാഥയുടെ ഭാഗമായി സംഘടനയുടെ ഒമ്പത് ഏരിയ കളിലും അതത് പ്രദേശങ്ങളിലെ ഐ.വൈ.സി.സി ഏരിയ ഭാരവാഹികളുടെ നേതൃത്വത്തിലും യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും നടത്തും. അതത് ഏരിയയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ പ്രവർത്തകരും വിദ്യാർഥികൾ ഉൾപ്പെടെ പൊതുസമൂഹത്തിൽനിന്നും ക്ഷണിക്കപ്പെട്ട ആളുകളുടെ മുന്നിലാകും ചെറുനാടകം അവതരിപ്പിക്കുക. കെ.പി.സി.സി കലാവിഭാഗമായ കലാസാഹിതി രചനയും തിരക്കഥയും എഴുതിയ നാടകമാണ് അവതരിപ്പിക്കുക. കലാസാഹിതിയുടെ നാടകം ആദ്യമായിട്ടാണ് ഇന്ത്യക്ക് പുറത്ത് അവതരിപ്പിക്കുന്നത്
പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, സബ് കമ്മിറ്റി കൺവീനർമാരായ ഫാസിൽ വട്ടോളി, അൻസാർ താഴ, ജസീൽ പറമ്പത്ത്, നിതീഷ് ചന്ദ്രൻ, ജയഫർ വെള്ളികുളങ്ങര എന്നിവർ വാർത്തസമ്മേളത്തിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ആർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത്, മെംബർഷിപ് കൺവീനർ സ്റ്റെഫി സാബു എന്നിവർ നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

