ഹമദ് ടൗൺ സൂഖ് വാഖിഫ് നവീകരണം ആരംഭിച്ചു
text_fieldsസൂഖ് വാഖിഫ് നവീകരണം ആരംഭിച്ചപ്പോൾ
മനാമ: ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ ഹമദ് ടൗൺ സൂഖ് വാഖിഫ് നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. സൗകര്യങ്ങൾ ആധുനീകരിക്കാനും മാർക്കറ്റിന്റെ ദീർഘകാല ആകർഷണം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.
ഈ സമഗ്രമായ പുനർവികസനപദ്ധതിയുടെ ഭാഗമായി നിലവിലുള്ള എല്ലാ കടകളും റസ്റ്റാറന്റുകളും അടുത്തുള്ള കെട്ടിടങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. പുതിയ സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തിങ്കളാഴ്ച ഔദ്യോഗികമായി ആരംഭിച്ചു.
മാർക്കറ്റ് എന്നും കുടുംബങ്ങൾക്കും ചെറുകിട ബിസിനസുകൾക്കും ഒരു പ്രധാന കേന്ദ്രമായിരുന്നു. എന്നാൽ കാലക്രമേണ സാഹചര്യങ്ങൾ മോശമായതായി പ്രദേശിക എം.പി. ഡോ. അബ്ദുൽഹകീം അൽ ഷെനോ പറഞ്ഞു.
മാർക്കറ്റിന്റെ പിൻഭാഗത്തുള്ള മീൻ, ഇറച്ചി, കോഴി മാർക്കറ്റുകളും റോഡുകൾ, അഴുക്കുചാലുകൾ, വിളക്കുകൾ എന്നിവയും നവീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
റോഡുകൾ, ഡ്രെയിനേജ്, പൊതുസേവനങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയശേഷം സൂഖ് വാഖിഫിനെ ഒരു യഥാർഥ പൈതൃക, വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ട അധികാരികൾ സ്ഥിരീകരിച്ചു.
ഹമദ് ടൗണിലെ റൗണ്ട് എബൗട്ട് 1-ന് സമീപം സ്ഥിതി ചെയ്യുന്ന ഈ ചരിത്രപരമായ സൂഖ് മേഖലയിലെ ഏറ്റവും പഴക്കമേറിയ കമ്പോളങ്ങളിലൊന്നാണ്.
ഇവിടെ പുതിയ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, പുരാവസ്തുക്കൾ, പരമ്പരാഗത ഭക്ഷണങ്ങൾ എന്നിവയുൾപ്പെടെ നിരവധി സാധനങ്ങൾ ലഭ്യമാണ്. പരമ്പരാഗത മാർക്കറ്റുകളെ സംരക്ഷിക്കുകയും അവയുടെ സാമ്പത്തിക, വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്ന വിപുലമായ മുനിസിപ്പൽ തന്ത്രത്തിന്റെ ഭാഗമാണ് ഈ നവീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

