തീർഥാടകർക്കായി ഹജ്ജ് നാവിഗേറ്റർ ആപ് പുറത്തിറക്കി
text_fieldsഹജ്ജ് നാവിഗേറ്റർ ആപ് സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ പുറത്തിറക്കുന്നു
മനാമ: ഐ.സി.എഫ് - ആർ.എസ്.സി വളണ്ടിയർ കോർ വികസിപ്പിച്ചെടുത്ത ലബൈക്ക് - ഹജ്ജ് നാവിഗേറ്റർ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽബുഖാരി തങ്ങൾ പുറത്തിറക്കി. സാങ്കേതികവിദ്യയിൽ പരിമിതമായ അറിവ് മാത്രമുള്ളവർക്കും പ്രായമായവർക്കും അനായാസമായി ഉപയോഗിക്കാൻ കഴിയുന്നവിധത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള ലബ്ബക്ക് - ഹജ്ജ് നാവിഗേറ്റർ മലയാളികളടക്കുമുള്ള മുഴുവൻ ഹജ്ജ് തീർഥാടകർക്കും അനായാസം ഉപയോഗിക്കാം.ഹജ്ജ് യാത്രക്കിടയിൽ മക്കയിലെയും മദീനയിലെയും പ്രധാന പുണ്യസ്ഥലങ്ങളിലേക്കുള്ള ദിശയും മറ്റ് ആവശ്യമായ വിവരങ്ങളും നൽകുന്നതിനായി വികസിപ്പിച്ചെടുത്ത ഈ ആപ് തീർഥാടകർക്ക് അവരുടെ ലൊക്കേഷനുകളും പ്രധാന സ്ഥലങ്ങളും കണ്ടെത്താൻ ഏറെ സഹായകരമാവും.
മക്കയിലെ അസ്സീസിയ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലെ ബിൽഡിങ്, മിനായിലെ ടെന്റുകൾ, ഹറമിലേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനും ആശ്രയിക്കേണ്ട ബസ് സ്റ്റാൻഡുകളുടെ വിവരങ്ങൾ, ബാഗുകൾ നഷ്ടപ്പെട്ടാൽ ലഭിക്കുന്ന സ്ഥലങ്ങൾ, മക്കയിലെ റസ്റ്റാറന്റുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി പ്രധാന സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെയും ലൊക്കേഷനുകൾ ലബ്ബക്ക് - ഹജ്ജ് നാവിഗേറ്റർ ആപ്പിൽ ലഭ്യമാണ്. ഇന്ത്യൻ ഹജ്ജ് മിഷൻ ഹോസ്പിറ്റലുകൾ, മക്കയിലെ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ, മക്കയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകൾ എന്നിവയുടെ ലൊക്കേഷനുകളും മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും വരുന്ന ഹാജിമാരുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ, ഹാജിമാർക്ക് ആവശ്യമുള്ള പ്രധാന നോട്ടിഫിക്കേഷനുകൾ, വളണ്ടിയർമാരുടെ സേവനം തേടാനുള്ള ഹെൽപ് ഡെസ്ക് നമ്പറുകൾ തുടങ്ങി ഹാജിമാർക്കും വളണ്ടിയേഴ്സിനും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് മൊബൈൽ ആപ് സംവിധാനിച്ചിരിക്കുന്നത്.
ആൻഡ്രോയിഡ്, ഐ.ഒ.എസ് സ്റ്റോറുകളിൽ ലബ്രൈക് ആപ് ലഭ്യമാകും. വിവരസാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും വളർച്ചക്കാനുസൃതമായി സേവനരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള വളണ്ടിയർ കോറിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഖലീൽ തങ്ങൾ പറഞ്ഞു. വർഷങ്ങളായി ഹജ്ജ് സേവനരംഗത്തുള്ള ഐ.സി.എഫ് - ആർ.എസ്.സി വളണ്ടിയർ കോറിന്റെ പ്രവർത്തനനങ്ങൾക്ക് ലബൈക്ക് - ഹജ്ജ് നാവിഗേറ്റർ വലിയ മുതൽകൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹംപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

