ഹജ്ജ് തീർഥാടകർക്കാവശ്യമായ ഒരുക്കങ്ങൾ മന്ത്രിസഭ വിലയിരുത്തി
text_fieldsമനാമ: ബഹ്റൈനിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്കാവശ്യമായ ഒരുക്കങ്ങൾ മന്ത്രിസഭ യോഗം വിലയിരുത്തി. തീർഥാടകരുടെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവഹിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബഹ്റൈൻ ഹജ്ജ് മിഷനെ ചുമതലപ്പെടുത്തി. ബഹ്റൈനിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യ സ്ഥലങ്ങളിൽ എത്തിച്ചേർന്നതിൽ മന്ത്രിസഭ യോഗം സന്തുഷ്ടി പ്രകടിപ്പിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹജ്ജ് തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിലുള്ള സൗദി ഭരണകൂടത്തിന്റെ ജാഗ്രതയെ കാബിനറ്റ് അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ യു.എ.ഇ സന്ദർശനം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും ബന്ധം ശക്തമാക്കുകയും ചെയ്തത് രാജ്യത്തിന് നേട്ടമാണ്. മനുഷ്യക്കടത്തിനെതിരെയുള്ള പ്രവർത്തനത്തിൽ യു.എസ് വിദേശകാര്യ മന്ത്രാലയ റിപ്പോർട്ടനുസരിച്ച് ബഹ്റൈന് മുൻനിര സ്ഥാനം ലഭിച്ചതിലുള്ള സന്തോഷം കാബിനറ്റ് പങ്കുവെച്ചു.
വിവിധ മേഖലകളിൽ രാജ്യത്തിന്റെ പേരും പ്രശസ്തിയും ഉയരാൻ സാധിച്ചത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണ നേതൃത്വത്തിൻ കീഴിലാണെന്നും വിലയിരുത്തി. പാർപ്പിട പദ്ധതികൾ, ഹൗസിങ് ലോൺ സൗകര്യങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനായി സംഘടിപ്പിച്ച എക്സിബിഷനും സമാന്തര സെഷനുകളും കുറ്റമുറ്റ രീതിയിൽ സംഘടിപ്പിക്കാൻ സാധിച്ചു. ഹൗസിങ് ലോൺ ആവശ്യമുള്ളവർക്ക് എളുപ്പത്തിൽ ലഭിക്കാൻ സാധിക്കുന്നത് നേട്ടമാണെന്നും അതിനാൽ സമാന രീതിയിലുള്ള എക്സിബിഷനുകൾ പ്രയോജനകരമാകുമെന്നും അഭിപ്രായമുയർന്നു. ബഹ്റൈൻ ടീച്ചേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കോഴ്സ് കഴിഞ്ഞിറങ്ങിയവർക്ക് കാബിനറ്റ് ആശംസകൾ നേർന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ മികച്ച രീതിയിൽ ബിരുദദാനച്ചടങ്ങ് നടത്താൻ സാധിച്ചതും നേട്ടമാണ്. 25ാമത് ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിൽ അൽ നജ്മ ക്ലബ് ചാമ്പ്യൻമാരായതിൽ ക്ലബ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ടീം അംഗങ്ങൾക്കും കാബിനറ്റ് അഭിവാദ്യങ്ങൾ നേർന്നു. മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത് കായികമേഖലയിൽ ബഹ്റൈൻ നൽകുന്ന പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ഫലമാണെന്നും വിലയിരുത്തി. ബഹ്റൈൻ പോളിടെക്നിക് നവീകരണത്തിനുള്ള പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. മരുന്ന് സ്റ്റോക്ക് ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ അനുമതി നൽകി. ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.