ഹാജി ഗുലാം ഹുസൈൻ ഖലീൽ
text_fieldsഹാജി ഗുലാം ഹുസൈൻ ഖലീൽ
മനാമ: രുചിക്കൂട്ടുകളുടെയും പൈതൃകത്തിന്റെയും അതിമനോഹര യുഗം സൃഷ്ടിച്ച നായകന് അന്ത്യാഞ്ജലിയുമായി ബഹ്റൈൻ. മനാമയുടെ ഹൃദയഭാഗത്ത് പാരമ്പര്യത്തിന്റെ രുചിക്കൂട്ടുകളുമായി പതിറ്റാണ്ടുകളായി നിലകൊള്ളുന്ന പ്രശസ്തമായ ‘ഹാജി കഫേ’യുടെ ഉടമ ഹാജി ഗുലാം ഹുസൈൻ ഖലീൽ വിട പറയുമ്പോൾ ബാക്കിയാകുന്നത് ഭക്ഷണപ്രേമികളുടെ ഉസ്താദിന്റെ ഇരിപ്പിടമാണ്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ടയിടമായിരുന്നു ഹാജി കഫേയും അതിന്റെ ഉടമയും. ഹാജി കഫേയിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്നവരുടെ മനസ്സിൽ അവിടത്തെ രുചികരമായ ഭക്ഷണത്തിന്റെ മധുരിക്കുന്ന ഓർമകൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ആതിഥേയന്റെ സ്നേഹത്തോടെ പുഞ്ചിരി തൂകുന്ന ഹാജി ഖലീലിന്റെ മുഖംകൂടിയാണ്. ഭക്ഷണ പ്രേമികളുടെ മനസ്സ് നിറക്കാൻ സ്ഥാപനത്തിന് കഴിയുന്നതുപോലെ ഹാജി ഖലീലിനും വ്യക്തിപരമായി അത് സാധ്യമായിരുന്നു എന്നതാണ് വസ്തുത.
ബഹ്റൈനിൽ എത്തിയകാലം മുതൽ പ്രായാധിക്യം മൂലം അദ്ദേഹം റസ്റ്റാറന്റിലേക്ക് വരാതിരുന്ന കാലം വരെ ദിനേന കാണുകയും സംസാരിക്കുകയും ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നുവെന്നാണ് മലയാളി പ്രവാസിയായ കാസിം പാടത്തകായിൽ അദ്ദേഹത്തെ ഓർത്തെടുക്കുന്നത്. ഇന്ത്യക്കാരോട് പ്രത്യേക സ്നേഹം കാണിച്ചിരുന്ന വ്യക്തികൂടിയായിരുന്നു ഹാജിയെന്നും പലപ്പോഴും ഭക്ഷണങ്ങൾക്ക് ഡിസ്കൗണ്ട് തന്നിരുന്നതും കാസിം ഓർക്കുന്നു. അത്രയേറെ ഇഴയടുപ്പം ഭക്ഷണം കഴിക്കാനെത്തുന്നവരോടും അദ്ദേഹം പുലർത്തിയിരുന്നു.
1950കളിൽ ഹാജി ഖലീൽ തുടക്കംകുറിച്ച ഈ കഫേ, ഇന്ന് ബഹ്റൈനിലെത്തുന്ന വിനോദസഞ്ചാരികളുടെയും പ്രമുഖരുടെയും ഇഷ്ടകേന്ദ്രമാണ്. വെറും ഒരു കഫേ എന്നതിലുപരി, രാജകുടുംബാംഗങ്ങൾ, ലോകോത്തര ഷെഫുകൾ, കായിക താരങ്ങൾ, സെലിബ്രിറ്റികൾ എന്നിവരുടെ സംഗമഭൂമിയാണ് ഇവിടം. പ്രശസ്ത ഷെഫ് വുൾഫ്ഗാങ് പക്ക്, ഫുട്ബാൾ ഇതിഹാസം റൊണാൾഡോ, യു.എഫ്.സി ചാമ്പ്യൻ ഖബീബ് നൂർമാഗോമെദോവ് തുടങ്ങിയവർ ഇവിടത്തെ സ്ഥിരം അതിഥികളായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ഹൂറയിലെ മനാമ ഖബർസ്ഥാനിൽ സംസ്കരിച്ചു. പരേതന് ആറ് മക്കളാണുള്ളത്. സുഹൈർ, അഹ്മദ്, ആദൽ എന്നീ മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

