വർണാഭമായി ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ‘ജി.എസ്.എസ് മഹോത്സവം 2024’
text_fieldsഗുരുദേവ സോഷ്യൽ സൊസൈറ്റി രജതജൂബിലി ആഘോഷം ഉദ്ഘാടനച്ചടങ്ങ്
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി രജത ജൂബിലി ആഘോഷവും ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദിയും കേരളീയ സമാജത്തിൽ ജി.എസ്.എസ് മഹോത്സവം 2024 എന്ന പേരിൽ സംഘടിപ്പിച്ചു.
സർവമത സമ്മേളന ശതാബ്ദി ചടങ്ങിൽ ശിവഗിരിമഠം മഠാധിപതിയും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സച്ചിദാനന്ദ സ്വാമികൾ മുഖ്യാതിഥി ആയിരുന്നു. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമികൾ, ചങ്ങനാശ്ശേരി രൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ചാലക്കുടി എം.പി ബെന്നി ബഹനാൻ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ.ജി. ബാബുരാജൻ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റുമായ പി.വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് എന്നിവർ വിശിഷ്ട അതിഥികളായി. തുടർന്ന് നിലവിൽ ബഹ്റൈനിലുള്ള അഞ്ച് സ്ഥാപക അംഗങ്ങളെ ആദരിച്ചു.
ചടങ്ങിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി നൽകുന്ന നാലാമത് ‘ഗുരുസ്മൃതി അവാർഡ് 2024’ പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ കെ.ജി. ബാബുരാജന് ശിവഗിരി മഠം മഠാധിപതി സച്ചിദാനന്ദ സ്വാമികൾ സമ്മാനിച്ചു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൊസൈറ്റിയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. ജി.എസ്.എസ് സുവനീർ ചങ്ങനാശ്ശേരി രൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്തു.
സ്റ്റാർ വിഷൻ ഇവൻസുമായി സഹകരിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ജിഎസ്.എസ് മഹോത്സവം 2024 ജനറൽ കൺവീനർ എ.വി. ബാലകൃഷ്ണൻ, ജോയന്റ് ജനറൽ കൺവീനർ മിഥുൻ മോഹൻ എന്നിവർ നേതൃത്വം നൽകി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില് അധ്യക്ഷത വഹിച്ചു.
സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും സൊസൈറ്റി വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും പറഞ്ഞു. രജത ജൂബിലിയുടെ ഭാഗമായി 25 വനിത കുടുംബാംഗങ്ങൾ പങ്കെടുത്ത ദൈവദശകവും പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച ഒരു ചെമ്പനീർ പൂവിന് സുഗന്ധം എന്ന ഗാനാമൃതവും ചടങ്ങിന് മിഴിവേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

