വിദ്യാഭ്യാസ മികവിന് ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആദരവ്
text_fieldsഗുരുദേവ സോഷ്യൽ സൊസൈറ്റി സംഘടിപ്പിച്ച എജുക്കേഷൻ എക്സലൻസ് അവാർഡ് ചടങ്ങ്
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി സംഘടിപ്പിച്ച എജുക്കേഷൻ എക്സലൻസ് അവാർഡ് 2025 അദ്ലിയയിലെ കാൾട്ടൺ ഹോട്ടലിൽ നടന്നു. ചടങ്ങുകൾ ഗുരുദർശനങ്ങളെ അടിസ്ഥാനമാക്കി വിദ്യാർഥികളുടെ മികവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമർപ്പിത സേവനം, അധ്യാപകരുടെ സമർപ്പണം എന്നിങ്ങനെ സാമൂഹികസേവനത്തിന്റെയും ഐക്യത്തിന്റെയും ആഴമുള്ള സന്ദേശം പകർന്നുനൽകി. അവാർഡ് ദാന ചടങ്ങുകൾ കേരള ഗവ. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്തു.
ജി.എസ്.എസ് കുടുംബത്തിലെ പത്ത്, പ്ലസ് ടു ക്ലാസുകളിൽ വിജയിച്ച വിദ്യാർഥികൾക്കും ബഹ്റൈൻ ഐലൻഡ് ടോപ്പേഴ്സ് ആയ വിദ്യാർഥികൾക്കും മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ജി.എസ്.എസ് കുടുംബത്തിലെ മറ്റ് അധ്യാപകരെയും, ജി.എസ്.എസ് മലയാളം പാഠശാലയിലെ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
കൂടാതെ, പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഇന്ത്യൻ സ്കൂൾ ബഹ്റൈൻ പ്രത്യേകമായി ആദരിക്കപ്പെട്ടു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് മുഖ്യാതിഥി ഡോ. രാജു നാരായണ സ്വാമിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ജി.എസ്.എസ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ സ്കൂളിനുള്ള പ്രശസ്തിപത്രവും സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പളനിസ്വാമി, സെക്രട്ടറി രാജപാണ്ഡ്യൻ മറ്റ് ഐ.എസ്.ബി ഡയറക്ടർ ബോർഡ് അംഗങ്ങൾ, മുൻ ചെയർമാൻമാരായ പ്രിൻസ് നടരാജൻ, എബ്രഹാം ജോൺ എന്നിവർ സന്നിഹിതരായി.
ചടങ്ങിൽ ജി.എസ്.എസിന്റെ പുതിയ ചാരിറ്റി പദ്ധതി ‘ഗുരുകാരുണ്യ സ്പർശ’ത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ഡോ. രാജു നാരായണ സ്വാമി സാമൂഹികപ്രവർത്തകനായ കെ.ജി. ബാബുരാജന് നൽകി നിർവഹിച്ചു.
ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജി.എസ്.എസ് കടുംബാംഗവുമായ മിഥുൻ മോഹൻ, ജി.എസ്.എസ് വൈസ് ചെയർമാൻ സതീഷ് കുമാർ എന്നിവർ പുരസ്കാര ജേതാക്കൾക്ക് ആശംസകൾ നേർന്നു. പ്രോഗ്രാം ജനറൽ കൺവീനർ രാജ് കൃഷ്ണൻ നന്ദി പറഞ്ഞു. രാജി ഉണ്ണിക്കൃഷ്ണൻ അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

