ട്രാൻസിറ്റ് യാത്രക്കാർക്ക് ഹ്രസ്വകാല താമസ വിസ ഉടൻ ലഭ്യമാക്കും
text_fieldsമനാമ: ബഹ്റൈനിൽ ഇറങ്ങുന്ന ട്രാൻസിറ്റ് വിമാന യാത്രക്കാർക്ക് ഹ്രസ്വകാല താമസ വിസ അനുവദിക്കും. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കണക്ഷൻ വിമാനത്തിൽ പോകുന്നവർക്കാണ് 72 മണിക്കൂർ കാലാവധിയുള്ള താമസവിസ ലഭ്യമാക്കുക. കൂടുതൽ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇൗ വർഷം തന്നെ വിസ അനുവദിച്ച് തുടങ്ങും.
താൽക്കാലിക വിസ ലഭ്യമാക്കുന്നത് സംബന്ധിച്ച് പൗരത്വ-പാസ്പോർട്ട്^താമസ കാര്യ വകുപ്പുകളുമായി ബഹ്റൈൻ വിനോദസഞ്ചാര^പ്രദർശന അതോറിറ്റി (ബി.ടി.ഇ.എ) ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്. മൂന്ന് ദിവസ കാലാവധിയുള്ള വിസ ഏർപ്പെടുത്തി ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ബി.ടി.ഇ.എ ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ബിൻ ഹുമൂദ് ആൽ ഖലീഫ പറഞ്ഞു. യാത്രക്കാർക്ക് മൂന്ന് ദിവസം ബഹ്റൈനിൽ തങ്ങുന്നതിനുള്ള ഏറ്റവും മികച്ച മാർഗം ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ചർച്ചചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 67 രാജ്യങ്ങളിലെ പൗരന്മാർക്ക് ബഹ്റൈൻ ഒാൺ അറൈവൽ വിസ അനുവദിക്കുന്നുണ്ട്. 114 രാജ്യങ്ങളിലെ ജനങ്ങൾക്ക് ഒാൺലൈൻ വഴി വിസക്ക് അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
