Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ് കാലത്തേക്കാൾ ഭയാനകം; മേഖലയിലെ സംഘർഷം പ്രവാസികളുടെ ജീവിതതാളം തെറ്റിക്കുന്നു
cancel

കോവിഡ് കാലത്ത് ഇത്രയേറെ ടെൻഷൻ അനുഭവിച്ചിട്ടില്ലെന്ന് വാക്കുകളിടറി പറഞ്ഞുകൊണ്ടാണ് 30 വർഷമായി ബഹ്‌റൈൻ പ്രവാസിയായ, കോഴിക്കോട് വടകര സ്വദേശിയായ മജീദ് തന്റെ അവസ്ഥ വിവരിക്കുന്നത്. ജനങ്ങൾ പുറത്തിറങ്ങുന്നില്ല എന്നല്ലാതെ സാധനങ്ങൾ വരാതിരിക്കുകയോ മറ്റോ ചെയ്യാതിരുന്ന കോവിഡ് കാലത്ത്, ദൈനംദിന കച്ചവടം പതിവുപോലെയായില്ലെങ്കിലും നടന്നിരുന്നു. സാധനങ്ങൾ സദാസമയം എത്തിയിരുന്നു, വിലക്കൂടുതലും അധികമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സാഹചര്യം തീർത്തും വ്യത്യസ്തമാണ്. കട പൂട്ടേണ്ട സാഹചര്യത്തിലൂടെയാണ് ഞാനടക്കമുള്ള കച്ചവടക്കാർ കടന്നുപോകുന്നത്. ഇത് മജീദിന്‍റെ മാത്രം വേവലാതിയല്ല, മറിച്ച് ഗൾഫ് മേഖലയിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ കൂടെ സാഹചര്യമാണ്.

ഗൾഫുകാരനെന്നാൽ നാട്ടുകാരുടെയും വീട്ടുകാരുടെയും ചിന്തയിൽ വരുന്നത് പത്രാസും പ്രൗഢിയും മാത്രമാണ്. എന്നാൽ തിളക്കമില്ലാത്ത ചില മനുഷ്യരും ഈ ലോകത്തുണ്ട്. ജീവിതം പച്ചപിടിപ്പിക്കാൻ പെടാപാട് പെടുന്ന അത്തരം മനുഷ്യർ തളർന്ന് പോവാൻ യുദ്ധമോ വലിയ നിരോധനങ്ങളോ വേണ്ടി വരില്ല, ഒരു നേരിയ സാമ്പത്തിക പ്രതിസന്ധി വന്നാലും മതിയാകും.

മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥ സാമ്പത്തികമായി മാത്രമല്ല, പ്രവാസികളെയടക്കമുള്ള അതത് രാജ്യത്തെ മനുഷ്യരെ മാനസികമായും ബാധിക്കുന്നുണ്ട്. ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധികാരണം ആവശ്യമായ വസ്തുക്കൾ നേരത്തിന് കിട്ടാതിരിക്കുന്നതാണ് കച്ചവടക്കാരെയും ബിസിനസുകാരെയും ഏറെയും പ്രതിസന്ധിയിലാക്കിയത്. പച്ചക്കറിയും പഴങ്ങളും മാംസവും പാലും പോലോത്ത വസ്തുക്കൾ വിമാന മാർഗമാണ് എത്തുന്നത്.

എന്നാൽ മറ്റുള്ള അനേകം വസ്തുക്കൾ രാജ്യത്തെത്തുന്നത് കപ്പൽ മാർഗമാണ്. അതിൽ ഭക്ഷണസാധനങ്ങൾ മുതൽ പേപ്പറും വസ്ത്രവും അസംസ്കൃത വസ്തുക്കളും നിർമാണ വസ്തുക്കൾ വരെയുണ്ട്. നിലവിൽ ഇത്തരം അത്യാവശ്യ വസ്തുക്കൾ സൗദി കോസ്​വേ വഴിയാണ് ബഹ്റൈനിലെത്തുന്നത്. അതുകൊണ്ടുതന്നെ അധിക പണവും ഇതിനായി നൽകേണ്ടി വരുന്നു. ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളുടെ വില വർധിക്കുന്നുണ്ടെങ്കിലും അതിന് സമാനമായി പല വസ്തുക്കൾക്കും വിപണിയിൽ വില വർധിപ്പിക്കാനും കഴിയാത്ത സാഹചര്യമുണ്ട്. ഇത് രണ്ടും കൂടെ സന്തുലിതമായി കൊണ്ടുപോകുന്നതിലാണ് ഏറെ കച്ചവടക്കാരും ബുദ്ധിമുട്ടനുഭവിക്കുന്നത്.

നേരത്തെ മൂന്ന് മാസത്തേക്ക് ചെക്ക് കൊടുത്തും മറ്റും പേപ്പറുകളെടുത്തിരുന്ന ഒരു പ്രസ് ഉടമ അദ്ദേഹത്തിന്റെ വേവലാതി പറയുന്നത് ഇങ്ങനെയാണ്: ‘ഇന്ന് റെഡി ക്യാഷ് കൊടുക്കുമ്പോ മാത്രമാണ് പേപ്പറുകൾ മൊത്തവ്യാപാരക്കാർ നൽകുന്നത്. ഉപഭോക്താക്കളിൽ നിന്ന് നേരത്തെ പണം ഈടാക്കാൻ കഴിയില്ല. കടമായി പേപ്പർ വ്യാപാരികളും നൽകുന്നില്ല, വലിയ തുക എടുത്തു കൊടുക്കാൻ സാധിക്കാത്ത സാഹചര്യവും, എന്ത് ചെയ്യണമെന്നറിയുന്നില്ല’.

അരിയും മറ്റ് പലചരക്കുകളും നിലവിലുള്ള സ്റ്റോക്ക് വെച്ചാണ് മുന്നോട്ട് പോകുന്നതെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. ഈ സ്ഥിതി തുടർന്നാൽ ബുദ്ധിമുട്ടാകുമെന്നാണ് അവരും പറഞ്ഞുവെക്കുന്നത്. കമ്പനികൾ പ്രൊമോഷനുകൾ കുറച്ചതും നിക്ഷേപകർ പിന്മാറുന്നതും ഇക്കാലയളവിൽ തുടങ്ങാനുദ്ദേശിച്ചിരുന്ന സംരംഭങ്ങൾ മാറ്റിവെച്ചതും നിരവധിയാണ്.

പ്രവാസികളുടെ ജീവിതച്ചെലവും യാത്രാ പ്രതിസന്ധികളും

ശമ്പളം മുടങ്ങിയതും, കുറച്ചതും, നിർബന്ധിത അവധിയിൽ പ്രവേശിക്കേണ്ടി വന്നവരുമായ നിരവധി മലയാളികളടക്കമുള്ള പ്രവാസികൾ ബുദ്ധിമുട്ട് അറിയിച്ചു വിളിച്ചതായി സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് പറയുന്നു. സാധനങ്ങൾക്ക് പലതിനും നേരിയ തോതിലെങ്കിലും വില കൂടി, പക്ഷേ ശമ്പളത്തിൽ ഇടിവല്ലാതെ വർധനവുണ്ടാവുന്നില്ലെന്നും ഇത് പലരുടെയും ജീവിതച്ചെലവുകളിൽ താളം തെറ്റിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കൂടാതെ, നിലവിൽ അവധിക്കാലമായതിനാൽ നാട്ടിൽ പോയ നിരവധി പ്രവാസി കുടുംബങ്ങളുണ്ട്. ആഗസ്റ്റിലെ ആദ്യ ആഴ്ചകളിലാണ് പലരും തിരികെ വന്നിരുന്നത്. സെപ്റ്റംബറിലെ ഭീമമായ ടിക്കറ്റ് നിരക്കിൽനിന്ന് രക്ഷ നേടാനാണ് പലരും ഇങ്ങനെ ടിക്കറ്റെടുക്കാറ്. എന്നാൽ മേഖലയിൽ തുടരുന്ന അനിശ്ചിതത്വം കാരണം എയർ ഇന്ത്യ എക്സ്പ്രസടക്കമുള്ള നിരവധി വിമാനങ്ങൾക്ക് ഈ ആഴ്ച സർവീസ് നിർത്തിവെക്കേണ്ടി വന്നു.

ഇതുമൂലം നേരത്തെ ടിക്കെറ്റെടുത്തവർ മറ്റൊരു വിമാനത്തെ ആശ്രയിക്കേണ്ട സാഹചര്യമാണ്. മൂന്നും നാലും അംഗങ്ങളുള്ള ഒരു കുടുംബം ഒന്നിച്ച് അടിയന്തര സാഹചര്യത്തിൽ മറ്റൊരു ടിക്കറ്റെടുക്കുക എന്ന് പറയുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ നിരവധി പേർ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി തുടരുകയാണെന്ന് ഫസൽ ഭായ് പറയുന്നു.

വിമാന സർവിസുകൾ റദ്ദാക്കുന്നത് വൈകി അറിയിക്കുന്നതും നിരവധി പേരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. തങ്ങൾ ടിക്കെറ്റെടുത്ത എയർലൈൻ സർവീസ് നടത്തിയേക്കും എന്ന വിശ്വാസത്തിൽ മറ്റൊരു ടിക്കറ്റിനായി ശ്രമിക്കാത്തവരാവും പലരും. എന്നാൽ അവസാന നിമിഷം സർവീസ് റദ്ദാക്കുന്നതിലൂടെ അടിയന്തരമായി നാട്ടിലെത്തേണ്ടവർക്ക് മറ്റൊരു ടിക്കറ്റ് എടുക്കാൻ വലിയ തുകയാണ് നൽകേണ്ടി വരുന്നത്.

വിമാന സർവീസുകൾ തടസ്സപ്പെടുമ്പോൾ സാധാരണക്കാരായ യാത്രക്കാരും പ്രവാസികളുമാണ് ഏറ്റവും വലിയ ദുരിതം പേറുന്നത്. സമയത്ത് ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയാത്തത് പ്രവാസികളുടെ തൊഴിലിനെയും സാമ്പത്തിക സുരക്ഷയെയും സാരമായി ബാധിക്കുന്നു.

ഉയർന്ന വിമാന നിരക്കും അധിക താമസ ചെലവുകളും സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമാണ്. ഇതിനുപുറമെ, ചികിത്സക്കായി യാത്ര ചെയ്യുന്ന രോഗികൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, വയോജനങ്ങൾ എന്നിവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും ബുദ്ധിമുട്ടുകളും ഏറെ ഗൗരവമുള്ളതാണ്. യാത്രാ പ്രതിസന്ധിക്ക് അടിയന്തര പരിഹാരവും കൃത്യമായ വിവരങ്ങളും ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.

കടയുടെ ലൈസൻസും വിസയും പുതുക്കാനുള്ളവരോട്

ഈ സാഹചര്യത്തിൽ കടയുടെ ലൈസൻസ് പുതുക്കാനുള്ളവരും വിസ പുതുക്കാനുള്ളവരും കാലാവധി അവസാനിക്കാൻ ആറ് മുതൽ മൂന്ന് മാസം വരെയുള്ള കാലയളവിൽ തന്നെ പുതുക്കാൻ ശ്രമിക്കണം. അല്ലാത്ത പക്ഷം അവസാനത്തിൽ പുതുക്കുമ്പോൾ എന്തെങ്കിലും നിയമ തടസ്സങ്ങളോ നിയമവിരുദ്ധ നടപടികളോ നേരിടേണ്ടി വരികയോ രേഖപ്പെടുത്തപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അവസാന നിമിഷം അത് പുതുക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.

‘മുസാനദ’ പദ്ധതിയുമായി തംകീൻ: കൈത്താങ്ങായി ബഹ്‌റൈൻ ഭരണകൂടം

എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും സ്വദേശികളെയും പ്രവാസികളെയും ചേർത്തുപിടിക്കാൻ ബഹ്‌റൈൻ ഭരണകൂടം അഹോരാത്രം ശ്രമിക്കുന്നുണ്ട്. അതിനായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ദീർഘവീക്ഷണങ്ങളും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ശൈഖ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങളും രാജ്യത്തെ താമസക്കാരേയും പൗരന്മാരേയും ഏത് പ്രതിസന്ധി ഘട്ടത്തിലും സംരക്ഷിച്ചു നിർത്തുന്നതാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനായി ‘മുസാനദ’ (പിന്തുണ) പദ്ധതിക്ക് തുടക്കം കുറിച്ച് ലേബർ ഫണ്ട് ‘തംകീൻ’ രംഗത്തെത്തിയിട്ടുണ്ട്.

സംരംഭങ്ങളിൽ ബഹ്‌റൈനികൾ ഉടമകളായോ നിക്ഷേപകരായോ പങ്കാളികളായോ തൊഴിലാളികളായോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഏജൻസികൾ വഴി സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. ബിസിനസുകളുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നതിനും പൗരന്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

മൂന്ന് വ്യത്യസ്ത സഹായ മാർഗ്ഗങ്ങളാണ് ഇതിനായി ആവിഷ്കരിച്ചിരിക്കുന്നത്. ട്രാക്ക് 1 വഴി അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കുന്നതിനും വാടക, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയ നിശ്ചിത ചെലവുകൾക്കുമുള്ള ധനസഹായം ലഭ്യമാക്കും. ട്രാക്ക് 2 വഴി കമ്പനിയുടെ വലുപ്പത്തിനനുസരിച്ചുള്ള പ്രവർത്തന ഗ്രാന്റുകൾ മൂന്ന് മാസം വരെ നൽകും. എന്നാൽ ഇത് ലഭിക്കണമെങ്കിൽ ബഹ്‌റൈൻ പൗരന്മാരായ ജീവനക്കാരെ നിലനിർത്തുന്നത് നിർബന്ധമാണ്. ട്രാക്ക് 3 വഴി വർക്കിങ് ക്യാപിറ്റൽ ലോണുകൾക്ക് 100 ശതമാനം ലാഭ സബ്‌സിഡി നൽകുന്നു, ഇതിൽ 12 മാസത്തെ ഗ്രേസ് പിരീഡും മൂന്ന് വർഷം വരെ തിരിച്ചടവ് കാലാവധിയും ഉൾപ്പെടുന്നു.

പദ്ധതി പ്രകാരം സഹായം ലഭിക്കുന്നതിന് അപേക്ഷകർക്ക് ചില യോഗ്യതകൾ ഉണ്ടായിരിക്കണം. സർക്കാർ ഉടമസ്ഥത 50 ശതമാനത്തിൽ താഴെയുള്ള സ്വകാര്യ സംരംഭങ്ങൾ ആയിരിക്കണം, കൂടാതെ 2026 മാർച്ചിന് മുമ്പ് രജിസ്റ്റർ ചെയ്ത സജീവമായ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ബിസിനസ്സിന് ഓഫിസ് ഉണ്ടായിരിക്കണം, വരുമാനത്തിൽ കുറവുണ്ടായതായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം, കൂടാതെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയിൽ നിയമലംഘനങ്ങളില്ലാത്ത സ്ഥാപനമായിരിക്കണം.

മൂന്ന് മാസത്തെ കർശനമായ അപേക്ഷാ സമയപരിധിയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പ്രാദേശിക തൊഴിൽ ശക്തിയെ സംരക്ഷിക്കുകയും പ്രതിസന്ധി ഘട്ടത്തിൽ സംരംഭങ്ങൾക്ക് ആവശ്യമായ പണലഭ്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് തംകീന്റെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf crisisexpatsStrait of HormuzFlight cancellation
News Summary - മേഖലയിലെ സംഘർഷം പ്രവാസികളുടെ ജീവിതതാളം തെറ്റിക്കുന്നു
Next Story