ഗൾഫ് മാധ്യമം പായസ മത്സരം ഫിനാലെ ഇന്ന്
text_fieldsമനാമ: ഗൾഫ് മാധ്യമം- മലബാർ അടുക്കള ഫേസ്ബുക്ക് കൂട്ടായ്മയുമായി സഹകരിച്ച് നടത്തുന്ന പായസ മത്സരത്തിെൻറ ഫിനാലെ വെള്ളിയാഴ്ച നടക്കും. മത്സരാർഥികൾ അയച്ച പാചകക്കുറിപ്പുകളിൽനിന്ന് തെരഞ്ഞെടുത്ത 50 പേരാണ് ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയത്. ചേരുവയിലെ വൈവിധ്യം, ക്രിയേറ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി കേരളത്തിലെയും ഗൾഫിലെയും പ്രശസ്തരായ യൂട്യൂബ് വ്ളോഗർമാരും പാചക വിദഗ്ധരുമടങ്ങിയ ഒമ്പതംഗ ജൂറിയാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.
ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ പാചകക്കുറിപ്പനുസരിച്ച് വീടുകളിൽ തയാറാക്കുന്നതിൽ മികച്ച പായസത്തിനാണ് സമ്മാനം ലഭിക്കുക. 130 ദീനാർ വിലയുള്ള ഫിലിപ്സ് 50 ഇഞ്ച് സ്മാർട്ട് ടി.വിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 80 ദീനാർ വിലയുള്ള ടൈറ്റൻ ലേഡീസ് വാച്ചും മൂന്നാം സമ്മാനമായി 60 ദീനാർ വിലയുള്ള മിക്സർ ഗ്രൈൻഡറും സ്റ്റൗവും നൽകും.
കൂടാതെ, ഫൈനലിൽ എത്തിയ എല്ലാവർക്കും മാളൂസ് കിറ്റ് സമ്മാനമായി ലഭിക്കും. ഫൈനലിസ്റ്റുകൾ തയാറാക്കുന്ന വിഡിയോ ഗൾഫ് മാധ്യമം ബഹ്റൈൻ എഫ്.ബി പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന വിഡിയോക്ക് പ്രത്യേക സമ്മാനം നൽകുന്നതാണ്.
മാളൂസ് ആണ് മത്സരത്തിെൻറ മുഖ്യ പ്രായോജകർ. നിറപറ, ഫിലിപ്സ്, മീനുമിക്സ്, കേവൽറാം, സാസ്കോ എന്നിവരാണ് മത്സരം സ്പോൺസർ ചെയ്യുന്നത്.

